കുവൈത്തിലെ ജനറൽ ഓർഗനൈസേഷൻ ഫോർ സോഷ്യൽ ഇൻഷുറൻസ് സ്ഥാപനത്തിന്റെ പ്രധാന ആസ്ഥാനം ലക്ഷ്യമിട്ട് ആക്രമണം. സ്ഥാപനത്തിന്റെ മറ്റ് ശാഖകളിൽ സന്ദർശകരെ സ്വീകരിക്കും എന്നും എല്ലാ സേവനങ്ങളും ഓൺലൈൻ ഇലക്ട്രോണിക് സേവനങ്ങളിലൂടെ തുടരുമെന്നും അധികൃതർ വ്യക്തമാക്കി.
കുവൈത്ത് സിറ്റി: കുവൈത്തിലെ ജനറൽ ഓർഗനൈസേഷൻ ഫോർ സോഷ്യൽ ഇൻഷുറൻസ് സ്ഥാപനത്തിന്റെ പ്രധാന ആസ്ഥാനം ലക്ഷ്യമിട്ട് ആക്രമണം നടന്നതിനെ തുടർന്ന് കെട്ടിടത്തിൽ ഭൗതിക നാശനഷ്ടം സംഭവിച്ചു.
ഇതിനെ തുടർന്ന് ഇന്ന് ഞായറാഴ്ച പ്രധാന ആസ്ഥാനത്ത് സന്ദർശകരെ സ്വീകരിക്കാൻ കഴിയില്ലെന്ന് സ്ഥാപന അധികൃതർ അറിയിച്ചു. അതേസമയം, സ്ഥാപനത്തിന്റെ മറ്റ് ശാഖകളിൽ സന്ദർശകരെ സ്വീകരിക്കും എന്നും എല്ലാ സേവനങ്ങളും ഓൺലൈൻ ഇലക്ട്രോണിക് സേവനങ്ങളിലൂടെ തുടരുമെന്നും അധികൃതർ വ്യക്തമാക്കി.
അതേസമയം കുവൈത്ത് വിമാനത്താവളത്തിലെ ഇന്ധന ടാങ്കുകൾക്ക് നേരെ ഡ്രോൺ ആക്രമണം ഉണ്ടായി. കുവൈത്ത് പ്രതിരോധ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ഇത് രാജ്യത്തിന്റെ പ്രധാന അടിസ്ഥാന സൗകര്യങ്ങളെ നേരിട്ട് ലക്ഷ്യമിട്ട ആക്രമണമാണെന്ന് അധികൃതർ വ്യക്തമാക്കി. ഇന്ന് പുലർച്ചെയോടെ രാജ്യത്തിന്‍റെ ആകാശപരിധിയിൽ പ്രവേശിച്ച ഡ്രോണുകളെ കുവൈത്ത് സായുധ സേന നേരിട്ടതായി പ്രതിരോധ മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവ് കർണൽ സൗദ് അബ്ദുൽഅസീസ് അൽ-അത്വാൻ പറഞ്ഞു.
കുവൈത്ത് വ്യോമ പ്രതിരോധ സംവിധാനം മിസൈൽ ആക്രമണങ്ങളും ഡ്രോണുകളും തടയുന്നതിനായി ഇപ്പോഴും പ്രവർത്തിച്ചുകൊണ്ടിരിക്കുകയാണെന്ന് സൈന്യം അറിയിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കേൾക്കുന്ന സ്ഫോടന ശബ്ദങ്ങൾ വ്യോമ പ്രതിരോധ സംവിധാനങ്ങൾ ആക്രമണങ്ങളെ തടയുന്നതിനിടെയാണ് ഉണ്ടാകുന്നതെന്നും ജനറൽ സ്റ്റാഫ് വ്യക്തമാക്കി. സുരക്ഷ ഉറപ്പാക്കുന്നതിനായി ബന്ധപ്പെട്ട അധികാരികൾ നൽകിയ സുരക്ഷാ നിർദേശങ്ങൾ എല്ലാവരും കർശനമായി പാലിക്കണം എന്നും അധികൃതർ അഭ്യർത്ഥിച്ചു.


