ഗള്‍ഫിലെ സമ്പാദ്യം മുടക്കി വാങ്ങിയ വീട് മുന്‍ ഉടമ ഒഴിഞ്ഞുനല്‍കാതെ വഞ്ചിച്ചതിനെ തുടര്‍ന്ന് മലപ്പുറം സ്വദേശിയായ പ്രവാസി ദുരിതത്തില്‍. ഗുരുതരമായ വൃക്കരോഗം ബാധിച്ച് ചികിത്സയ്ക്ക് പണമില്ലാതെ വലയുന്ന ഇദ്ദേഹത്തിന്റെ പരാതിയില്‍ മനുഷ്യാവകാശ കമ്മീഷന്‍ അടിയന്തര റിപ്പോര്‍ട്ട് തേടി.

മലപ്പുറം: ഇരുപത് വര്‍ഷത്തോളം ഗള്‍ഫില്‍ ജോലി ചെയ്തുനേടിയ സമ്പാദ്യവും ഭാര്യയുടെ സ്വര്‍ണ്ണം വിറ്റ പണവും മുടക്കി ഒരു കോടി രൂപയ്ക്ക് വാങ്ങിയ വീടും പറമ്പും മുന്‍ ഉടമ ഒഴിഞ്ഞുകൊടുക്കാതെ വഞ്ചിച്ചുവെന്ന പരാതിയില്‍ മനുഷ്യാവകാശ കമ്മീഷന്‍ അടിയന്തര റിപ്പോര്‍ട്ട് തേടി. കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ. ബൈജുനാഥാണ് തിരൂര്‍ ആര്‍ഡിഒയോടും ഡിവൈഎസ്പിയോടും സംഭവത്തില്‍ അന്വേഷണം നടത്തി 10 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഉത്തരവിട്ടത്.മലപ്പുറം പുന്നക്കാട് കൊളത്തൂര്‍ സ്വദേശിയായ പ്രവാസിയാണ് ഗുരുതരമായ വഞ്ചനയ്ക്ക് ഇരയായത്. ഗുരുതരമായ വൃക്കരോഗം ബാധിച്ച് ആഴ്ചയില്‍ നാല് ദിവസം ഡയാലിസിസിന് വിധേയനായിക്കൊണ്ടിരിക്കുന്ന പരാതിക്കാരന്‍, ശസ്ത്രക്രിയയ്ക്ക് പണമില്ലാതെയും താമസിക്കാന്‍ ഇടമില്ലാതെയും വലിയ ബുദ്ധിമുട്ടിലാണെന്ന് പരാതിയില്‍ പറയുന്നു.

2020 ഫെബ്രുവരിയില്‍ 34 സെന്റ് സ്ഥലവും വീടും തന്റെ പേരില്‍ ആധാരം ചെയ്തതാണെങ്കിലും, ആറുമാസത്തെ സാവകാശം ചോദിച്ച മുന്‍ ഉടമ ആറു വര്‍ഷം കഴിഞ്ഞിട്ടും വീട് ഒഴിഞ്ഞുനല്‍കാന്‍ തയ്യാറായിട്ടില്ല. പോലീസിനും തഹസില്‍ദാര്‍ക്കും നിരവധി തവണ പരാതി നല്‍കിയെങ്കിലും തിരുനാവായ ആതവനാട് സ്വദേശിയായ എതിര്‍കക്ഷിയുടെ സ്വാധീനത്തില്‍ നടപടിയുണ്ടാകുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു.

2025 ജൂണില്‍ വീട് ഒഴിഞ്ഞുനല്‍കാമെന്ന് വളാഞ്ചേരി എസ്എച്ച്ഒയുടെ സാന്നിധ്യത്തില്‍ കരാര്‍ എഴുതിയിരുന്നെങ്കിലും എതിര്‍കക്ഷി ഇത് ലംഘിക്കുകയായിരുന്നു. സ്വന്തം വീട് വിറ്റുകിട്ടുന്ന പണം കൊണ്ട് വേണം പരാതിക്കാരന് തുടര്‍ചികിത്സ നടത്താന്‍. നേരത്തെ സംസ്ഥാന ന്യൂനപക്ഷ കമ്മീഷനും വീട് ഒഴിഞ്ഞുകൊടുക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നെങ്കിലും ഇത് നടപ്പിലായിരുന്നില്ല. ഈ സാഹചര്യത്തിലാണ് മനുഷ്യാവകാശ കമ്മീഷന്‍ വിഷയത്തില്‍ കര്‍ശനമായി ഇടപെട്ടത്. മാര്‍ച്ച് 18-ന് കോഴിക്കോട് വെസ്റ്റ്ഹില്‍ പിഡബ്ല്യുഡി റസ്റ്റ് ഹൗസില്‍ നടക്കുന്ന സിറ്റിംഗില്‍ കമ്മീഷന്‍ കേസ് വീണ്ടും പരിഗണിക്കും.