കൊവി‍ഡ് 19: എയര്‍പോര്‍ട്ടില്‍ നിന്നുള്ള യാത്രക്കാരെ നേരിട്ട് വീട്ടിലെത്തിക്കാൻ ഡ്രൈവർമാർക്ക് നിര്‍ദ്ദേശം

By Web TeamFirst Published Mar 19, 2020, 10:21 PM IST
Highlights

എയര്‍പോര്‍ട്ടില്‍ നിന്നുള്ള യാത്രക്കാര്‍ കയറിയാലുടന്‍ അവരുടെ പേരും വിലാസവും ഫോണ്‍ നമ്പറും ചോദിച്ചു വാങ്ങി കളക്ടറേറ്റിലെ ജില്ലാ ദുരന്തനിവാരണ വിഭാഗത്തില്‍ അറിയിക്കണം. ഇതിനായി ജില്ലയിലെ ടാക്‌സി ഡ്രൈവര്‍മാരുടെ വാട്‌സ് ആപ്പ് ഗ്രൂപ്പ് രൂപീകരിക്കാനും കളക്ടര്‍ നിര്‍ദ്ദേശിച്ചു. 

കോഴിക്കോട്: എയര്‍പോര്‍ട്ടില്‍ നിന്ന് ഓട്ടം വിളിക്കുന്നവരെ നേരിട്ട് വീട്ടിലെത്തിക്കാന്‍ ടാക്‌സി ഡ്രൈവര്‍മാർക്ക് നിർദ്ദേശം നൽകി കോഴിക്കോട് ജില്ലാ കലക്ടര്‍ സാംബശിവ റാവു. കൊവിഡ്- 19 (കൊറോണ) വ്യാപനം തടയുന്നതിന്റെ ഭാഗമായാണ് നടപടി.   

രോഗാണു വാഹകരാകാന്‍ സാധ്യതയുള്ളവര്‍ പൊതുജനങ്ങളുമായി ഇടപഴകുന്നത് ഒഴിവാക്കുന്നതിനുള്ള നടപടികള്‍ ആവിഷ്‌കരിക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ ടാക്‌സി ഡ്രൈവര്‍മാരുടെ അസോസിയേഷന്‍ പ്രതിനിധികളുമായി കളക്ടർ കൂടിക്കാഴ്ച നടത്തി. എയര്‍പോര്‍ട്ടില്‍ നിന്നുള്ള യാത്രക്കാര്‍ ആവശ്യപ്പെട്ടാലും അവരെ റെയില്‍വേ സ്റ്റേഷനിലോ ബസ് സ്റ്റാന്‍ഡിലോ ഇറക്കരുത്.  

വീട്ടിലേക്കുള്ള യാത്രക്കിടയില്‍ ഹോട്ടലിലോ ഷോപ്പിം​ഗ് മാളിലോ ഇറക്കാനും പാടില്ല. എയര്‍പോര്‍ട്ടില്‍ നിന്നുള്ള യാത്രക്കാര്‍ കയറിയാലുടന്‍ അവരുടെ പേരും വിലാസവും ഫോണ്‍ നമ്പറും ചോദിച്ചു വാങ്ങി കളക്ടറേറ്റിലെ ജില്ലാ ദുരന്തനിവാരണ വിഭാഗത്തില്‍ അറിയിക്കണം. ഇതിനായി ജില്ലയിലെ ടാക്‌സി ഡ്രൈവര്‍മാരുടെ വാട്‌സ് ആപ്പ് ഗ്രൂപ്പ് രൂപീകരിക്കാനും കളക്ടര്‍ നിര്‍ദ്ദേശിച്ചു. 

സ്വകാര്യ വാഹനങ്ങള്‍ ഉപയോഗിക്കുന്നവര്‍ക്ക് ഇക്കാര്യത്തില്‍ മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കിക്കഴിഞ്ഞതായും ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവര്‍മാരുടെ യോഗം ഉടനടി വിളിച്ചുചേര്‍ക്കുമെന്നും അദ്ദേഹം അറിയിച്ചു. മാസ്‌ക് ധരിക്കുക,  വാഹനത്തില്‍ എ.സി. പ്രവര്‍ത്തിപ്പിക്കാതിരിക്കുക,  ജനല്‍ച്ചില്ലുകള്‍ താഴ്ത്തിവെക്കുക തുടങ്ങി ടാക്‌സി ഡ്രൈവര്‍മാര്‍ക്ക് നേരത്തെ നല്‍കിയ പ്രതിരോധ നടപടികള്‍ കര്‍ശനമായി പാലിക്കാനും നിര്‍ദ്ദേശിച്ചു.  

click me!