ശൗചാലയത്തിൽ പോകാൻ അധ്യാപിക അനുവദിച്ചില്ല; പരീക്ഷാ ഹാളില്‍ 'കാര്യം സാധിച്ച്' വിദ്യാര്‍ത്ഥി

By Web TeamFirst Published Mar 21, 2019, 7:36 AM IST
Highlights

രസതന്ത്രം പരീക്ഷ എഴുതുന്നതിനിടെയാണ് വിദ്യാർത്ഥിക്ക് അസഹ്യമായ വയറുവേദന അനുഭവപ്പെട്ടത്. തുടർന്ന് പരീക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന അധ്യാപികയോട് ശൗചാലയത്തിൽ പോകണമെന്ന് വിദ്യാര്‍ത്ഥി ആവശ്യപ്പെട്ടു. എന്നാല്‍ അധ്യാപിക വിദ്യാര്‍ത്ഥിയുടെ ആവശ്യം നിഷേധിക്കുകയായിരുന്നു. തുടര്‍ന്ന് വിദ്യാര്‍ത്ഥി നിരവധി തവണ അധ്യാപികയോട് ആവശ്യപ്പെട്ടു. 
 
കടയ്ക്കല്‍: പരീക്ഷയ്ക്കിടെ ശൗചാലയത്തില്‍ പോകണമെന്നാവശ്യപ്പെട്ട വിദ്യാര്‍ത്ഥി, ടീച്ചര്‍ അനുവദിക്കാത്തതിനെ തുടര്‍ന്ന് പരീക്ഷാ ഹാളില്‍‌ മലമൂത്ര വിസര്‍ജനം നടത്തി. കടയ്ക്കൽ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ എസ്.എസ്.എൽ.സി. പരീക്ഷയ്ക്കിടെ ചൊവ്വാഴ്ചയായിരുന്നു സംഭവം.

രസതന്ത്രം പരീക്ഷ എഴുതുന്നതിനിടെയാണ് വിദ്യാർത്ഥിക്ക് അസഹ്യമായ വയറുവേദന അനുഭവപ്പെട്ടത്. തുടർന്ന് പരീക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന അധ്യാപികയോട് ശൗചാലയത്തിൽ പോകണമെന്ന് വിദ്യാര്‍ത്ഥി ആവശ്യപ്പെട്ടു. എന്നാല്‍ അധ്യാപിക വിദ്യാര്‍ത്ഥിയുടെ ആവശ്യം നിഷേധിക്കുകയായിരുന്നു. തുടര്‍ന്ന് വിദ്യാര്‍ത്ഥി നിരവധി തവണ അധ്യാപികയോട് ആവശ്യപ്പെട്ടു. 

എന്നാല്‍ വിദ്യാര്‍ത്ഥിയുടെ ആവശ്യം പരീക്ഷാ ചീഫ് സൂപ്രണ്ടിനെയോ ഡെപ്യൂട്ടി സൂപ്രണ്ടുമാരെയോ അറിയിക്കാന്‍ പോലും അധ്യാപിക തയ്യാറായില്ല. തുടർന്ന് പരീക്ഷയെഴുതാൻ കഴിയാത്തവിധം അവശനായ വിദ്യാർത്ഥി പരീക്ഷാഹാളിൽ 'കാര്യം സാധിക്കുക'യായിരുന്നു. എന്നാല്‍ പരീക്ഷാസമയം കഴിഞ്ഞശേഷമാണ്  സ്കൂൾ അധികൃതർ വിവരമറിയുന്നത്. തുടർന്ന് കുട്ടിയെ വീട്ടിലേക്ക് തിരിച്ചയച്ചു. 

ബുധനാഴ്ചയാണ് വിദ്യാര്‍ത്ഥിയുടെ രക്ഷിതാക്കൾ വിവരമറിയുന്നത്. തുടര്‍ന്ന് രക്ഷിതാക്കള്‍ അധ്യാപികയ്‍ക്കെതിരേ കടയ്ക്കൽ പൊലീസിൽ പരാതി നൽകി. അധ്യാപികയുടെ പിടിവാശിമൂലം മകന് കടുത്ത മാനസിക സംഘർഷമനുഭവിക്കേണ്ടിവന്നുവെന്നും അതിനാല്‍ വേണ്ടവിധം പരീക്ഷയെഴുതാനായില്ലെന്നും പരാതിയില്‍ പറയുന്നു. മികച്ച വിജയം നഷ്ടപ്പെടുത്തിയ അധ്യാപികയ്ക്കെതിരേ നടപടിയെടുക്കണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നുണ്ട്. 

click me!