അവശ്യസാധനങ്ങളുടെ മറവില്‍ ലഹരിക്കടത്ത് സജീവം; അതിര്‍ത്തികളില്‍ പരിശോധന കടുപ്പിച്ചു

By Prabeesh bhaskarFirst Published Jun 5, 2021, 10:51 PM IST
Highlights

ലോക്ഡൗണ്‍ സമയത്ത് ഇതരസംസ്ഥാനങ്ങളില്‍ നിന്ന് അവശ്യവസ്തുക്കള്‍ കൊണ്ടുവരുന്നതിന്റെ മറവില്‍ ലഹരിപദാര്‍ഥങ്ങളുടെ കടത്തും സജീവമായതോടെ അതിര്‍ത്തികളില്‍ പരിശോധന കര്‍ശനമാക്കി. തമിഴ്‌നാട്, കര്‍ണാടക, കേരള എക്സൈസ് വകുപ്പുകളും പൊലീസുമാണ് പരിശോധന നടത്തുന്നത്

കല്‍പ്പറ്റ: ലോക്ഡൗണ്‍ സമയത്ത് ഇതരസംസ്ഥാനങ്ങളില്‍ നിന്ന് അവശ്യവസ്തുക്കള്‍ കൊണ്ടുവരുന്നതിന്റെ മറവില്‍ ലഹരിപദാര്‍ഥങ്ങളുടെ കടത്തും സജീവമായതോടെ അതിര്‍ത്തികളില്‍ പരിശോധന കര്‍ശനമാക്കി. തമിഴ്‌നാട്, കര്‍ണാടക, കേരള എക്സൈസ് വകുപ്പുകളും പൊലീസുമാണ് പരിശോധന നടത്തുന്നത്.  കാക്കനല്ല ചെക്‌പോസ്റ്റിലാണ് ഏറ്റവും ഒടുവിലായി ലഹരിക്കടത്ത് പിടികൂടിയത്. 

പച്ചക്കറി ലോഡിന്റെ മറവില്‍ കൊണ്ടുപോയ കര്‍ണാടക നിര്‍മിത വിദേശമദ്യമാണ് പിടിച്ചെടുത്തത്. ഒരു ലിറ്റര്‍ വരുന്ന 18 കുപ്പി മദ്യമാണ് ഉരുളക്കിഴങ്ങ്, വഴുതനങ്ങ, ഇഞ്ചി എന്നിവ നിറച്ച ചാക്കില്‍ കടത്താന്‍ ശ്രമിച്ചത്. തമിഴ്‌നാട് ചെക്‌പോസ്റ്റില്‍ ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്നാണ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയത്. സംഭവത്തില്‍ രണ്ട് പേരെ എക്‌സൈസ് വകുപ്പ് അറസ്റ്റ് ചെയ്തു. 

തമിഴ്‌നാട് പുഴുക്കൊല്ലി പടന്തൊറെയ് നിലോഫര്‍ (27), ദേവര്‍ഷോല സ്വദേശി സിറാജ്ജുദ്ദീന്‍ (36) എന്നിവരാണ് പിടിയിലായത്. ഇവര്‍ സഞ്ചരിച്ച പിക് അപ് വാനും പിടിച്ചെടുത്തിരുന്നു. സമ്പൂര്‍ണ ലോക്ഡൗണ്‍ സമയത്തും ലഹരിവില്‍പ്പന സജീവമാണെന്ന് പല കോണുകളില്‍ നിന്നായി പരാതി ഉയര്‍ന്നതിന്റെ അടിസ്ഥാനത്തിലാണ് പച്ചക്കറിയും മറ്റും കൊണ്ടുവരുന്ന വാഹനങ്ങള്‍ ഉദ്യോഗസ്ഥര്‍ നിരീക്ഷിക്കാന്‍ തുടങ്ങിയത്. 

സംശയം തോന്നിയ ചില വാഹനങ്ങളിലെ ചരക്ക് കൃത്യമായ പരിശോധിച്ചതോടെയാണ് ലഹരിക്കടത്ത് പിടിക്കപ്പെടുന്നത്. മുത്തങ്ങ ചെക്‌പോസ്റ്റില്‍ പരിശോധന കര്‍ശനമാക്കിയതോടെ ബാവലി, കുട്ട ചെക്‌പോസ്റ്റുകള്‍ വഴിയായിരുന്നു ലഹരിക്കടത്താനുപയോഗിച്ചിരുന്ന വാഹനങ്ങള്‍ കടന്നുപോയിരുന്നത്. ഇത് മനസിലാക്കിയ ഉദ്യോഗസ്ഥര്‍ ഇവിടെയും പരിശോധന കടുപ്പിച്ചു. 

പുല്‍പ്പള്ളി ബൈരക്കുപ്പയിലെ തോണി സര്‍വ്വീസ് വഴി കേരളത്തിലേക്ക് ലഹരിക്കടത്തുന്നുണ്ടെന്ന മാധ്യമവാര്‍ത്തയെ തുടര്‍ന്ന് ഇവിടെയും കര്‍ശന പരിശോധനയാണ് നടക്കുന്നത്. കഴിഞ്ഞ ദിവസം ബത്തേരി നഗരത്തില്‍ കര്‍ണാടക വിദേശമദ്യവുമായി രണ്ട് പേര്‍ അറസ്റ്റിലായിരുന്നു. ലഹരിയുടെ വരവ് കുറഞ്ഞതോടെ നാടന്‍ വാറ്റ് നിര്‍മാണ സംഘങ്ങളും വയനാട്ടില്‍ സജീവമാണ്. 

കോഴിക്കോട്-കൊല്ലഗല്‍ ദേശിപാതയോട് ചേര്‍ന്ന് കിടക്കുന്ന നായ്‌ക്കെട്ടി, കല്ലൂര്‍ തുടങ്ങിയ പ്രദേശങ്ങളില്‍ നാടന്‍ ചാരായം വിതരണം ചെയ്യുന്ന സംഘവും കഴിഞ്ഞ ദിവസം പിടിയിലായി. ഓട്ടോറിക്ഷയില്‍ വാറ്റുചാരായം ആവശ്യക്കാര്‍ക്ക് എത്തിച്ചു നല്‍കുന്ന സംഘത്തെയാണ് പോലീസ് കുടുക്കിയത്. സമാന രീതിയില്‍ കൂടുതല്‍പേര്‍ പ്രവര്‍ത്തിക്കുന്നുണണ്ടെന്ന വിവരം അധികൃതര്‍ക്ക് ലഭിച്ചിട്ടുണ്ട്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

click me!