
കോഴിക്കോട്: വടകര അധ്യാപികരമാര്‍ അറസ്റ്റിലായ എംഡിഎംഎ കേസില്‍ അന്വേഷണം വ്യാപിപ്പിക്കാന്‍ പൊലീസ്. ഇതുവരെ അഞ്ച് പ്രതികൾ പിടിയിലായി. പിടിയിലായ ഇരിട്ടി സ്വദേശി ജിജിൽ കുര്യാക്കോസിൻ്റെ അക്കൗണ്ടിൽ ഒരു കോടിയിലേറെ രൂപയുടെ ഇടപാട് നടന്നെന്നും അധ്യാപികമാരുടെ അക്കൗണ്ടിൽ ലക്ഷങ്ങൾ എത്തിയെന്നും പൊലീസ് പറയുന്നു. കണ്ണൂർ റേഞ്ച് ഡിഐജി കെ. കാർത്തിക്കും കോഴിക്കോട് റൂറൽ എസ്പി മെറിൻ ജോസഫും മാധ്യമങ്ങളെ കാണ്ടാണ് ഇക്കാര്യം പറഞ്ഞത്.
പ്രതികളുടെ സ്വത്ത് കണ്ടുകെട്ടാനും തീരുമാനമായി. കുട്ടികൾക്ക് ലഹരി എത്തിയിട്ടുണ്ടോയെന്ന് അന്വേഷിക്കും. ജിജിൽ പ്രധാന പ്രതികളിൽ ഒരാളാണെന്നും കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്നും പൊലീസ് അറിയിച്ചു. കേരളത്തിൽ നിന്ന് പുറത്തേക്കും അന്വേഷണം വ്യാപിപ്പിക്കും. വിദേശ നമ്പറുകളിലെ ഫോൺ വിളികളും പ്രതികൾ നടത്തിയെന്നും അന്വേഷണ സംഘം പറയുന്നു.
രണ്ട് ഗ്രാം എംഡിഎംഎയിൽ നിന്ന് തുടങ്ങിയ കേസന്വേഷണം എത്തി നിൽക്കുന്നത് കോടികളുടെ ഇടപാടിൽ. അധ്യാപികമാരുമായി നേരിട്ട് ബന്ധമുള്ള ജിജിൽ കുര്യാക്കോസിൻ്റെ അക്കൗണ്ടിലൂടെ മറിഞ്ഞത് ഒരു കോടിയിലധികം രൂപയാണെന്നും അധ്യാപികമാരുടെ അക്കൗണ്ടിൽ 16 ലക്ഷം വരെ എത്തിയെന്നും പൊലീസ് പറയുന്നു. കുട്ടികൾക്ക് ലഹരി എത്തിച്ചോയെന്ന് കണ്ടെത്താനായിട്ടില്ല. പ്രതികളുടെ വിദേശ യാത്രകൾ ഉൾപ്പെടെ പരിശോധിക്കും. അധ്യാപികയായ കീർത്തന നടത്തിയിരുന്ന ബൺ മസ്‌ക കട വഴി ലഹരി ഇടപാട് നടന്നോയെന്നും അന്വേഷിക്കും.
പേരാമ്പ്രയിൽ ലഹരിക്കേസിൽ നേരത്തെ പിടിയിലായ അധ്യാപകനുമായി പ്രതികൾക്ക് ബന്ധമുണ്ടോയെന്നും പരിശോധിക്കും. അതേസമയം, ബിആർസികളിൽ സമഗ്ര ഓഡിറ്റിംഗിനാണ് വിദ്യാഭ്യാസവകുപ്പിൻ്റെ നീക്കം. മുഴുവൻ അധ്യാപകരുടേയും യോഗം വിളിച്ചു ചേർക്കും. സ്‌കൂളുകൾ, ഓട്ടിസം കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ രക്ഷിതാക്കളുടേയും അധ്യാപകരുടേയും അഭിപ്രായം തേടാനും ബ്ലോക്ക് കോർഡിനേറ്റർമാർക്ക് നിർദേശം നല്‍കി. സർവശിക്ഷ കേരള സംസ്ഥാന പ്രൊജക്ട് ഡയറക്ടറുടേതാണ് സർക്കുലർ.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam