നിദ ഫാത്തിമയുടെ ഓർമ്മകൾ ബാക്കിയായ  സുഹറ മൻസിലിലേയ്ക്ക് നിറകണ്ണുകളുമായി കൂട്ടുകാരെത്തി

Published : Jan 02, 2023, 05:34 AM IST
നിദ ഫാത്തിമയുടെ ഓർമ്മകൾ ബാക്കിയായ  സുഹറ മൻസിലിലേയ്ക്ക് നിറകണ്ണുകളുമായി കൂട്ടുകാരെത്തി

Synopsis

ശീയ ജൂനിയർ സൈക്കിൾപോളോ ചാമ്പ്യൻഷിപ്പുകഴിഞ്ഞ് നാഗ്പൂരിൽ നിന്നു മടങ്ങും വഴിയാണിവർ നിദയുടെ വീട്ടിലെത്തിയത്. തങ്ങൾക്കൊപ്പം നാഗ്പൂരിലെത്തിയശേഷം വിട ചൊല്ലാതെ മടങ്ങിയ നിദ ഫാത്തിമയുടെ ഓർമ്മകളിൽ കളിക്കൂട്ടുകാർ തേങ്ങലടക്കാൻ പാടുപെട്ടു.

അമ്പലപ്പുഴ: നിദ ഫാത്തിമയുടെ ഓർമ്മകൾ ബാക്കിയായ കാക്കാഴം സുഹറ മൻസിലിലേയ്ക്കു നിറകണ്ണുകളുമായി കളിക്കൂട്ടുകാരെത്തി. ദേശീയ ജൂനിയർ സൈക്കിൾപോളോ ചാമ്പ്യൻഷിപ്പുകഴിഞ്ഞ് നാഗ്പൂരിൽ നിന്നു മടങ്ങും വഴിയാണിവർ നിദയുടെ വീട്ടിലെത്തിയത്. തങ്ങൾക്കൊപ്പം നാഗ്പൂരിലെത്തിയശേഷം വിട ചൊല്ലാതെ മടങ്ങിയ നിദ ഫാത്തിമയുടെ ഓർമ്മകളിൽ കളിക്കൂട്ടുകാർ തേങ്ങലടക്കാൻ പാടുപെട്ടു. ചികിത്സയിലെ പിഴവാണു നിദയുടെ മരണത്തിനിടയാക്കിയതെന്നായിരുന്നു കൂട്ടുകാരുടെ ആരോപണം. 

കുത്തിവെപ്പെടുത്തശേഷമാണു നിദയുടെ നില വഷളായതെന്ന് ആശുപത്രിയിൽ ഒപ്പംപോയ കളിക്കാരായ ഗോപിതാകുമാർ, ആർ. ബിൻജിത എന്നിവർ പറഞ്ഞു. നിദയുടെ കുടുംബാംഗങ്ങളെ സന്ദർശിക്കാനെത്തിയ മന്ത്രി റോഷി അഗസ്റ്റിൻ ഇവരുമായി സംസാരിച്ചു. കേരള സൈക്കിൾപോളോ അസോസിയേഷൻ ഭാരവാഹികൾക്കൊപ്പമാണു കുട്ടികളെത്തിയത്. അസോസിയേഷനുകൾ വ്യത്യസ്ത ധ്രുവങ്ങളിൽനിന്നു പ്രവർത്തിക്കുന്നത് ശരിയല്ലെന്നു മന്ത്രി പറഞ്ഞു. സംസ്ഥാനത്തുനിന്ന് ആരുപോകണമെന്നു തീരുമാനിക്കേണ്ടത് സംസ്ഥാന സർക്കാരാണെന്നും മന്ത്രി പറഞ്ഞു. 

കേരള കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സ്റ്റീഫൻ ജോർജ്, ജില്ലാ പ്രസിഡന്റ് വി. സി. ഫ്രാൻസിസ്, നസീർ സലാം, ജനപ്രതിനിധികളായ വി. ആർ. അശോകൻ, യു. എം. കബീർ എന്നിവർ ഒപ്പമുണ്ടായിരുന്നു. സൈക്കിൾപോളോ ഫെഡറേഷൻ ഓഫ് ഇന്ത്യ ട്രഷറർ അബൂബക്കർ വൈകീട്ട് നിദയുടെ വീട്ടിലെത്തി. ഫെഡറേഷന്റെ നേതൃത്വത്തിൽ ചാമ്പ്യൻഷിപ്പിൽ പങ്കെടുത്ത കുട്ടികളും ഒപ്പമുണ്ടായിരുന്നു. 

കേരള സൈക്കിൾ പോളോ അസോസിയേഷനും സൈക്കിൾ പോളോ ഫെഡറേഷൻ ഓഫ് ഇന്ത്യയും തമ്മിലുള്ള കിടമത്സരമാണ് നാഗ്‍പൂരിൽ മലയാളി താരം നിദ ഫാത്തിമയുടെ ജീവനെടുക്കുന്ന സാഹചര്യമൊരുക്കിയത്. ദേശീയ ഫെ‍ഡറേഷന്‍റെ അംഗീകാരമില്ലെന്ന പേരിൽ താരങ്ങൾക്ക് നാഗ്പൂരിൽ താമസ സൗകര്യവും ഭക്ഷണവും ദേശീയ ഫെഡറേഷൻ ഒരുക്കിയിരുന്നില്ല. നിദ ഫാത്തിമയടക്കം കേരള സൈക്കിൾ പോളോ അസോസിയേഷന്‍റെ 24 താരങ്ങളാണ് നാഗ്‍പൂരിലെത്തിയത്. കേരള സ്പോട്സ് കൗൺസിലിന്‍റെ അംഗീകാരത്തിലും സാമ്പത്തിക സഹായത്തിലുമായിരുന്നു ഇവര്‍ നാഗ്പൂരിലെത്തിയത്. എന്നാൽ സൈക്കിൾപോളോ ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ അംഗീകാരമുള്ളത് സൈക്കിൾ ഫോളോ അസോസിയേഷൻ ഓഫ് കേരളയ്ക്കാണ്. ഇതിന്‍റെ പേരിലാണ് കേരളത്തിൽ നിന്നുള്ള സംഘത്തിന് അവഗണന നേരിടേണ്ടി വന്നത്. 

നാഗ്പൂരിലെത്തിയ സംഘത്തിലുണ്ടായിരുന്ന നിദയ്ക്ക് താൽക്കാലികമായി മോശം സാഹചര്യത്തിൽ കഴിയേണ്ടി വന്നതോടെ ഛര്‍ദ്ദി അനുഭവപ്പെട്ടു. തുടര്‍ന്ന് കുട്ടിയെ നാഗ്പൂരിലെ ശ്രീകൃഷ്ണ ആശുപത്രിയിലെത്തിച്ചു. ഇവിടെ വെച്ച് ഒരു ഇഞ്ചക്ഷൻ നൽകിയ ശേഷം കുട്ടിയുടെ ആരോഗ്യ നില കൂടുതൽ വഷളായെന്ന് കൂടെയുള്ള പരിശീലകർ പറയുന്നു. തുടർന്ന് ഐസിയുവിലേക്ക് മാറ്റുകയായിരുന്നു. താമസ ,ഭക്ഷണ സൗകര്യങ്ങൾ സംഘാടകർ നിഷേധിച്ചതോടെ താത്കാലിക കേന്ദ്രത്തിലാണ് നിദയടക്കമുള്ള കേരളത്തിലെ മത്സരാർഥികളെല്ലാം കഴിഞ്ഞിരുന്നത്. 

PREV
click me!

Recommended Stories

റോഡിലേക്ക് പശു പെട്ടെന്ന് കയറിവന്നു, ഇടിക്കാതിരിക്കാൻ കാർ വെട്ടിച്ചു; പിന്നാലെ അപകടത്തിൽ ഡ്രൈവർ മരിച്ചു
മുൻപരിചയമുള്ള പെൺകുട്ടി സ്‌കൂളിലേക്ക് പോകുന്നത് കണ്ട് കാർ നിർത്തി, ലിഫ്റ്റ് വാഗ്ദാനം ചെയ്ത ശേഷം പീഡിപ്പിച്ചു; പോക്സോ കേസിൽ അറസ്റ്റ്