
മലപ്പുറം: കൃഷിക്കായി കർഷകൾ വളർത്തിയ മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തു. പൊന്നാനി ഹാർബറിന് സമീപം ഭാരതപ്പുഴയില്‍ മത്സ്യകൃഷിയുടെ ഭാഗമായി വളർത്തിയ മത്സ്യങ്ങളാണ് ചത്തത്. മത്സ്യ കർഷകരായ തീക്കാനാകത്ത് സമീർ, പൂളക്കല്‍ അസ്ഹർ എന്നിവർ കൃഷി ചെയ്ത കാളാഞ്ചി മത്സ്യമാണ് കൂട്ടത്തോടെ ചത്തുപൊങ്ങിയത്. ഫിഷറീസ് വകുപ്പിന്റെ മത്സ്യ കൃഷി വ്യാപനത്തിന്റെ ഭാഗമായും സ്വന്തമായും വാങ്ങിയ 8000 കാളാഞ്ചി മത്സ്യങ്ങള്‍ ഒരു വർഷം മുമ്പാണ് ഭാരതപ്പുഴയില്‍ വളർത്തിയത്. വിളവെടുപ്പിന് പാകമായ മത്സ്യങ്ങളാണ് കൂട്ടത്തോടെ ചത്തുപൊങ്ങിയത്.
കിലോക്ക് 650 രൂപ വിലവരുന്ന മത്സ്യങ്ങളാണ് ചത്തത്. സമീപത്തെ മണലെടുപ്പിന്റെ ഭാഗമായി എടുത്ത മണല്‍ സംസ്കരിച്ച ശേഷമുള്ള അവശിഷ്ടങ്ങള്‍ പുഴയില്‍ തന്നെയാണ് തള്ളുന്നതെന്ന് ആക്ഷേപമുയർന്നിരുന്നു. ഈ അവശിഷ്ടങ്ങള്‍ കലർന്നതാകാം മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്തു പൊങ്ങാൻ ഇടയാക്കിയതെന്നാണ് സംശയം.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
അതേസമയം അടുത്തിടെ തൃശൂരിൽ നിന്നും പുറത്തുവന്ന മറ്റൊരു വാർത്ത നിയമം മൂലം നിരോധിച്ച കണ്ണി വലിപ്പം കുറഞ്ഞ വലകൾ ഉപയോഗിച്ച് അനധികൃത മത്സ്യ ബന്ധനം നടത്തിയ ബോട്ടുകൾക്കെതിരെ ഫിഷറീസ് - മറൈൻ എൻഫോഴ്സ്മെന്റ് സംയുക്ത സംഘം കര്‍ശന നടപടിയെടുത്തു എന്നതാണ്. ബോട്ടുകളിൽ നിന്ന് കണ്ടെടുത്ത മിനിമം ലീഗൽ സൈസ് ഇല്ലാത്ത 5000 കിലോ കുഞ്ഞൻ മത്സ്യങ്ങളെ ഫിഷറീസ് അധികൃതരുടെ സാന്നിധ്യത്തിൽ കടലിൽ ഒഴുക്കി കളഞ്ഞു. മത്സ്യസമ്പത്തിനെ നശിപ്പിക്കുകയും കടലിന്റെ ആവാസ വ്യവസ്ഥ തന്നെ തകർക്കുകയും ചെയ്യുന്ന രീതിയാണ് കണ്ണി വലിപ്പം കുറഞ്ഞ വല ഉപയോഗിച്ചുള്ള മത്സ്യ ബന്ധനം. അഴീക്കോട് ഫിഷറീസ് സ്റ്റേഷൻ അസിസ്റ്റന്റ് ഡയറക്ടർ ഡോ. സി സീമയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം നടത്തിയ മിന്നൽ പരിശോധനയിലാണ് എറണാകുളം ജില്ലയിലെ മാല്യങ്കര സ്വദേശി കോഴിക്കൽ വീട്ടിൽ അജീഷ് കുമാറിന്റെ ഉടമസ്ഥതയിലുള്ള സന്ധ്യ എന്ന ബോട്ടും മുനമ്പം പള്ളിപ്പുറം സ്വദേശി കുരിശിങ്കൽ വീട്ടിൽ രതീഷിന്റെ ഉടമസ്ഥതയിലുള്ള സെന്റ് സ്തേഫാനോസ് ബോട്ടും പിടിച്ചെടുത്തത്. പിടിച്ചെടുത്ത ബോട്ടുകൾ കേരള സമുദ്ര മത്സ്യബന്ധന നിയന്ത്രണ നിയമ (കെഎംഎഫ് റെഗുലേഷൻ ആക്ട്) പ്രകാരം കേസെടുത്ത് ബോട്ടുകളിലെ മത്സ്യം ലേലം ചെയ്ത് ലഭിച്ച 3,33,600 രൂപയടക്കം ആകെ 8.33 ലക്ഷം രൂപ പിഴ ചുമത്തി. പ്രത്യേക പരിശോധനാ സംഘത്തിൽ അഴിക്കോട് മത്സ്യ ഭവൻ ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ ഇ സുമിത, മെക്കാനിക് ജയചന്ദ്രൻ, മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് ആന്റ് വിജിലൻസ് വിങ്ങ് ഉദ്യേഗസ്ഥരായ വി.എൻ പ്രശാന്ത് കുമാർ, ഇ.ആർ ഷിനിൽകുമാർ, വി.എം ഷൈബു, എന്നിവര്‍ നേതൃത്വം നല്‍കി. സീറെസ്ക്യൂ ഗാർഡുമാരായ ഷിഹാബ്, കൃഷ്ണപ്രസാദ്, റെഫീക്ക്, ബോട്ട് സ്രാങ്ക് ദേവസി മുനമ്പം, എഞ്ചിൻ ഡ്രൈവർ റോക്കി കുഞ്ഞിതൈ എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു. വരും ദിവസങ്ങളിലും പരിശോധന ശക്തമാക്കുമെന്നും അനധികൃത മത്സ്യ ബന്ധനം നടത്തുന്ന യാനങ്ങള്‍ക്കെതിരേ കർശന നിയമ നടപടി സ്വീകരിക്കുമെന്നും തൃശൂർ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അബ്ദുൾ മജിദ് പോത്തനൂരാൻ പറഞ്ഞു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam