
തിരുവനന്തപുരം: ഇന്ധനം നിറയ്ക്കാനായി തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിയ ശേഷം സാങ്കേതിക തകരാർ കണ്ടതിന് പിന്നാലെ വിമാനം തുടര്‍യാത്ര റദ്ദാക്കി. ഇന്തോനേഷ്യയില്‍ നിന്ന് സൗദി അറേബ്യയിലെ ജിദ്ദയിലേക്ക് പോയ ലയണ്‍ എയര്‍ വിമാനമാണ് തിരുവനന്തപുരത്ത് വെച്ച് യാത്ര റദ്ദാക്കിയത്. തുടര്‍ന്ന് മറ്റൊരു വിമാനം ഇന്തോനേഷ്യയില്‍ നിന്ന് എത്തിച്ചാണ് യാത്ര തുടര്‍ന്നത്.
ചൊവ്വാഴ്ച വൈകുന്നേരമാണ് ഇന്തോനേഷ്യയില്‍ നിന്ന് ജിദ്ദയിലേക്കുള്ള ലയണ്‍ എയര്‍ വിമാനം ഇന്ധനം നിറയ്ക്കാനായി തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറങ്ങിയത്. എന്നാല്‍ ഇവിടെ വെച്ച് വിമാനത്തിന് സാങ്കേതിക തകരാര്‍ ശ്രദ്ധയില്‍പെട്ടു. 212 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. ഇവരെ വിമാനത്താവളത്തില്‍ നിന്നിറക്കി സെക്യൂരിറ്റി ഹോള്‍ഡ് ഏരിയയിലേക്ക് മാറ്റി. യാത്രക്കാര്‍ക്ക് വിശ്രമിക്കാനും ഭക്ഷണത്തിനുമുള്ള സൗകര്യം വിമാന കമ്പനി ഏര്‍പ്പെടുത്തിയിരുന്നു. ബുധനാഴ്ച രാവിലെയോടെ വിമാനത്തിന്റെ തകരാര്‍ പരിഹരിച്ചെങ്കിലും ഇന്തോനേഷ്യയില്‍ നിന്ന് മറ്റൊരു വിമാനം എത്തിച്ച ശേഷം യാത്ര തുടരാനായിരുന്നു ലയണ്‍ എയര്‍ കമ്പനിയുടെ തീരുമാനം. തുടര്‍ന്ന് പകരം വിമാനം എത്തിച്ച് ബുധനാഴ്ച വൈകുന്നേരം 4.10ഓടെ ജിദ്ദയിലേക്ക് പുറപ്പെടുകയായിരുന്നു.
കേരളത്തിലേക്ക് പുതിയ സര്‍വീസുകള്‍ പ്രഖ്യാപിച്ച് രണ്ട് വിമാന കമ്പനികള്‍ കൂടി
മസ്‌കറ്റ്: കേരള സെക്ടറിലേക്ക് പുതിയ സര്‍വീസുകളുമായി ഒമാന്‍ വിമാന കമ്പനികള്‍. ഒമാന്‍ എയറും സലാം എയറുമാണ് കേരളത്തിലേക്ക് പുതിയ സര്‍വീസുകള്‍ പ്രഖ്യാപിച്ചത്. ഒമാന്‍ എയര്‍ തിരുവനന്തപുരത്തേക്കും സലാം എയര്‍ കോഴിക്കോട്ടേക്കുമാണ് പുതിയ സര്‍വീസുകള്‍ ആരംഭിക്കുന്നത്. ഒക്ടോബര്‍ മുതല്‍ പുതിയ സര്‍വീസുകള്‍ ആരംഭിക്കും. ഒക്ടോബര്‍ ആദ്യ വാരം മസ്‌കറ്റ്-തിരുവനന്തപും റൂട്ടില്‍ ഒമാന്‍ എയര്‍ പ്രതിദിന സര്‍വീസ് നടത്തും. നേരിട്ടുള്ള സര്‍വീസ് ആരംഭിക്കുന്നതോടെ ടിക്കറ്റ് നിരക്ക് കുറയും. നിലവില്‍ മസ്‌കറ്റില്‍ നി്ന്നും കണക്ഷന്‍ സര്‍വീസുകള്‍ വഴി എയര്‍ ഇന്ത്യയുമായി സഹകരിച്ച് തിരുവനന്തപുരത്തേക്ക് ഒമാന്‍ എയര്‍ യാത്രാ സൗകര്യം ഒരുക്കുന്നുണ്ട്.
ഒക്ടോബര്‍ ഒന്ന് മുതല്‍ സലാം എയര്‍ കോഴിക്കോട്-മസ്‌കറ്റ് റൂട്ടില്‍ പ്രതിദിന സര്‍വീസ് നടത്തുമെന്നാണ് ഔദ്യോഗിക വൃത്തങ്ങള്‍ നല്‍കുന്ന സൂചന. രാത്രി 10.30ന് മസ്‌കറ്റില്‍ നിന്ന് പുറപ്പെട്ട് പുലര്‍ച്ചെ 3.20ന് കോഴിക്കോടെത്തും. തിരികെ പ്രാദേശിക സമയം പുലര്‍ച്ചെ 4.20ന് കോഴിക്കോട് നിന്ന് പുറപ്പെട്ട് രാവിലെ 6.15ന് മസ്‌കറ്റില്‍ എത്തിച്ചേരും. മസ്‌കറ്റ്-കോഴിക്കോട് റൂട്ടില്‍ 65 റിയാല്‍ മുതലും തിരികെ 55 റിയാലിന് മുകളിലേക്കുമാണ് ടിക്കറ്റ് നിരക്കുകള്‍ കമ്പനിയുടെ വെബ്‌സൈറ്റില്‍ കൊടുത്തിട്ടുള്ളത്. നിലവില്‍ മസ്‌കറ്റില്‍ നിന്ന് ഒമാന്‍ എയര്‍, എയര്‍ ഇന്ത്യ എക്‌സ്പ്രസ് എന്നിവയാണ് സര്‍വീസുകള്‍ നടത്തുന്നത്. സലാലയില്‍ നിന്ന് കോഴിക്കോടേക്ക് സലാം എയര്‍ സര്‍വീസ് നടത്തുന്നുണ്ട്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam