യാത്രക്കാരന് വയറിളക്കം ബാധിച്ചത് ബയോഹാസാർഡ് പ്രശ്നമാണെന്നും വിമാനത്തുലടനീളം വൃത്തികേടായതിനാൽ അറ്റ്ലാന്റയിലേക്ക് തിരികെ വരികയല്ലാതെ രക്ഷയില്ലെന്നും പൈലറ്റ് കൺട്രോൾ യൂണിറ്റിനെ അറിയിച്ചു.
ന്യൂയോർക്ക്: യാത്രക്കാരന് വയറിളക്കം ബാധിച്ചതിനെ തുടർന്ന് രണ്ട് മണിക്കൂർ പറന്ന വിമാനം പുറപ്പെട്ട വിമാനത്താവളത്തിലേക്ക് തിരിച്ചു പറന്നു. അമേരിക്കയിലെ അറ്റ്ലാന്റയിൽ നിന്ന് ബാഴ്‌സലോണയിലേക്ക് പുറപ്പെട്ട ഡെൽറ്റ വിമാനത്തിലാണ് സഭവം. യാത്രക്കാരന് വയറിളക്കം ബാധിച്ചതിനാൽ വിമാനത്തിനുൾവശം വൃത്തികേടായെന്നും തുടർന്ന് യാത്ര ചെയ്യാനാകാത്ത സ്ഥിതിയായെന്നും ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്തു. ജോർജിയയിലെ അറ്റ്ലാന്റയിൽ നിന്ന് സ്‌പെയിനിലെ ബാഴ്‌സലോണയിലേക്കാണ് വിമാനം പുറപ്പെട്ടത്.
എന്നാൽ, ടേക്ക് ഓഫ് ചെയ്ത് രണ്ട് മണിക്കൂറിനുള്ളിൽ വിമാനം യു-ടേൺ എടുത്ത് തിരിച്ചെത്തി. യാത്രക്കാരന് വയറിളക്കം ബാധിച്ചത് ബയോഹാസാർഡ് പ്രശ്നമാണെന്നും വിമാനത്തുലടനീളം വൃത്തികേടായതിനാൽ അറ്റ്ലാന്റയിലേക്ക് തിരികെ വരികയല്ലാതെ രക്ഷയില്ലെന്നും പൈലറ്റ് കൺട്രോൾ യൂണിറ്റിനെ അറിയിച്ചു. സംഭവത്തിന് കാരണക്കാരനായ യാത്രക്കാരന്റെ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. സംഭവത്തെ തുടർന്ന് എല്ലാ യാത്രക്കാരെയും ജീവനക്കാരെയും മറ്റൊരു വിമാനത്തിലേക്ക് മാറ്റി. അറ്റ്ലാന്റയിൽ തിരിച്ചിറക്കിയ വിമാനം പൂർണമായി കഴുകി ശുചിയാക്കി.
Read More.... മരണ വീട്ടിലേക്കുള്ള യാത്രക്കിടെ എൻജിനിൽ തീയും പുകയും, കത്തിയമർന്ന് കാർ, യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴക്ക്
ഷെഡ്യൂൾ ചെയ്ത സമയത്തേക്കാൾ എട്ട് മണിക്കൂർ വൈകിയയാണ് പിന്നീട് സർവീസ് നടത്തിയത്. രോഗബാധിതനായ യാത്രക്കാരനെ ബാഴ്സലേണയിലേക്ക് പറക്കാൻ അനുവദിച്ചോ എന്ന കാര്യത്തിൽ വ്യക്തതയില്ല. വിമാനത്തിൽ മെഡിക്കൽ എമർജെൻസി ഉണ്ടായതായി ഡെൽറ്റ ഉദ്യോഗസ്ഥരും സ്ഥിരീകരിച്ചു. യാത്ര വൈകിയതിനെ തുടർന്ന് യാത്രക്കാർക്കുണ്ടായ ബുദ്ധിമുട്ടിൽ ഡെൽറ്റ വക്താവ് ക്ഷമാപണം നടത്തി. വിമാനം വൃത്തിയാക്കാനും യാത്രക്കാരെ ലക്ഷ്യസ്ഥാനത്ത് എത്തിക്കാനും ഞങ്ങളുടെ ടീമുകൾ കഴിയുന്നത്ര വേഗത്തിലും സുരക്ഷിതമായും പ്രവർത്തിച്ചു. യാത്രക്കാർക്ക് നേരിട്ട ബുദ്ധിമുട്ടിൽ ക്ഷമാപണം നടത്തുന്നുവെന്നും ഡെൽറ്റ അറിയിച്ചു.
