ഉഷ്ണ തരംഗ മുന്നറിയിപ്പ്: കോഴിക്കോട്ട് ജോലി സമയം പുനക്രമീകരിച്ചു; സ്കൂളുകള്‍ക്കും ജാഗ്രതാനിര്‍ദേശം

By Web TeamFirst Published Mar 5, 2019, 10:32 AM IST
Highlights

ഉഷ്ണ തരംഗ സാധ്യതയുടെ പശ്ചാത്തലത്തിൽ കോഴിക്കോട് ജില്ലയില്‍ ജാഗ്രത. സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ജില്ലാ കളക്ടർ വിളിച്ച യോഗം ഇന്ന്. ജോലി സമയം പുനക്രമീകരിച്ച് കോര്‍പ്പറേഷന്‍. സ്കൂളുകള്‍ക്കും പ്രത്യേക ജാഗ്രതാനിര്‍ദേശം.

കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ ഉഷ്ണ തരംഗ സാധ്യത പ്രഖ്യാപിച്ച സാഹചര്യത്തില്‍ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ജില്ലാ ഭരണകൂടത്തിന്‍റെ പ്രത്യേക യോഗം ഇന്ന് ചേരും. മുന്നറിയിപ്പിന്‍റെ പശ്ചാത്തലത്തില്‍ കോര്‍പ്പറേഷന്‍ ജീവനക്കാരുടെ ജോലി സമയം പുനഃക്രമീകരിച്ചിട്ടുണ്ട്.

കളക്ടര്‍ അധ്യക്ഷനായ ജില്ലാ ദുരന്ത നിവാരണ അഥോറിറ്റിയാണ് അടിയന്തര സാഹചര്യത്തില്‍ യോഗം വിളിച്ചിരിക്കുന്നത്. മുന്നറിയിപ്പ് ജനങ്ങളില്‍ കാര്യക്ഷമമായി എത്തിയോ എന്ന് പരിശോധിക്കുകയാണ് യോഗത്തിന്‍റെ ഉദ്ദേശം. ഉഷ്ണ തരംഗ സാധ്യത സംബന്ധിച്ച മുന്നറിയിപ്പ് ഇന്ന് കൂടിയേ ഉള്ളൂവെങ്കിലും തുടര്‍ ദിവസങ്ങളിലും ജാഗ്രത സ്വീകരിക്കും.

അതേസമയം കോഴിക്കോട് കോര്‍പ്പറേഷന് കീഴിലെ ക്ലീനിംഗ് തൊഴിലാളികള്‍ ഉള്‍പ്പടെ വെയിലത്ത് ജോലി ചെയ്യുന്ന എല്ലാ ജീവനക്കാരുടേയും പ്രവര്‍ത്തി സമയം ഉച്ചയ്ക്ക് 12 വരെയാക്കി പുതുക്കി നിശ്ചയിച്ചു. അടുത്ത ഒരു ആഴ്ചത്തേക്കാണ് ഈ പുതുക്കിയ പ്രവൃത്തി സമയം നിലനില്‍ക്കുക.

രാവിലെ പതിനൊന്ന് മുതല്‍ വൈകീട്ട് മൂന്ന് വരെ നേരിട്ട് സൂര്യതാപം ഏല്‍ക്കുന്ന പണികള്‍ ചെയ്യിപ്പിക്കുന്ന കമ്പനികള്‍ക്കും ഉടമകള്‍ക്കുമെതിരെ നടപടി സ്വീകരിക്കും. സ്കൂളുകളില‍് അസംബ്ലികള്‍ ഒഴിവാക്കുന്നത് അടക്കമുള്ള നിര്‍ദേശങ്ങള്‍ പാലിക്കുന്നുണ്ടോ എന്നറിയാനായി മിന്നല്‍ പരിശോധനകള്‍ നടത്താന്‍ വിദ്യാഭ്യാസ വകുപ്പും തീരുമാനിച്ചിട്ടുണ്ട്.

click me!