
മലപ്പുറം: ടെമ്പോ ട്രാവലർ ടോറസ് ലോറിയിടിച്ച് മറിഞ്ഞ് അപകടം. ആലത്തിയൂർ ജങ്ഷനിൽ ഇന്ന് പുലർച്ചെയാണ് അപകടമുണ്ടായത്. ട്രാവലറിലെ യാത്രക്കാർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. ആളുകളും വാഹനങ്ങളും ഒഴിഞ്ഞ സമയമായതിനാൽ വൻ ദുരന്തമാണ് ഒഴിവായത്. നാലു റോഡുകൾ സംഗമിക്കുന്ന ജങ്ഷനിൽ തൃപ്രങ്ങോട് ഭാഗത്തുനിന്നുവന്ന ടോറസ് തിരൂരിൽ നിന്ന് പൊന്നാനി ഭാഗത്തേക്ക് പോവുകയായിരുന്ന ട്രാവലറിൽ ഇടിക്കുകയായിരുന്നു. ട്രാവലറിന്‍റെ മധ്യത്തിലാണ് ലോറി ഇടിച്ചത്.
തിരൂർ റോഡിൽ നിന്ന് ട്രാവലർ വരുന്നത് ശ്രദ്ധിക്കാതെ അമിത വേഗതയിൽ ലോറി കവലയിലേക്ക് കടന്നതാണ് അപകടത്തിനിടയാക്കിയത്. ഇടിയുടെ ആഘാതത്തിൽ വലതു ഭാഗത്തേക്ക് മറിഞ്ഞ ട്രാവലർ റോഡിലൂടെ മീറ്ററുകളോളം തെന്നി നീങ്ങി. സ്ത്രീകളും കുട്ടികളുമുൾപ്പടെ നിരവധിപേര്‍ വാഹനത്തിലുണ്ടായിരുന്നു. പരിക്കേറ്റവര്‍ക്ക് ആലത്തിയൂർ ഇമ്പിച്ചിബാവ സഹകരണ ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകി.
ആരുടേയും പരിക്ക് ഗുരുതരമല്ല. ഇവർ മറ്റൊരു വാഹനത്തിൽ യാത്ര തുടർന്നു. രാമനാട്ടുകരയിൽ നിന്ന് കുട്ടിയുടെ ചോറൂണിനായി ഗുരുവായൂരിലേക്ക് പോവുകയായിരുന്ന സംഘമാണ് അപകടത്തിൽ പെട്ടത്. ലോറി തിരൂർ പൊലീസ് കസ്റ്റഡിയിലെടുത്തു. ട്രാവലർ പൂർണ്ണമായും തകർന്നിട്ടുണ്ട്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam