വയനാട്ടിലെ ഇക്കോ ടൂറിസം കേന്ദ്രങ്ങള്‍ താല്‍ക്കാലികമായി അടച്ചു

By Web TeamFirst Published Feb 4, 2019, 5:19 PM IST
Highlights

മക്കിയാട് മീന്‍മുട്ടി വെള്ളച്ചാട്ടം, വെള്ളമുണ്ടയിലെ ചിറപ്പുല്ല് ട്രക്കിങ്, തലപ്പുഴയിലെ മുനീശ്വരന്‍ കുന്ന്, തിരുനെല്ലിയിലെ ബ്രഹ്മഗിരി ട്രക്കിങ് എന്നിവിടങ്ങളിലേക്കുള്ള പ്രവേശനമാണ് ഈ മാസം ഒന്നുമുതല്‍ തടഞ്ഞിരിക്കുന്നത്. ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ സഞ്ചാരികളെ ആരെയും ഇവിടേക്ക് പ്രവേശിപ്പിക്കില്ല

കല്‍പ്പറ്റ: നോര്‍ത്ത് വയനാട് വനംഡിവിഷന് കീഴിലെ നാല് ഇക്കോ ടൂറിസം കേന്ദ്രങ്ങള്‍ താല്‍ക്കാലികമായി അടച്ചു. വേനല്‍ കനക്കവെ കാട്ടുതീ പ്രതിരോധത്തിന്റെ ഭാഗമായാണ് കേന്ദ്രങ്ങള്‍ അടച്ചിടുന്നത്. നോര്‍ത്ത് വയനാട് ഡി.എഫ്.ഒ ആര്‍. കീര്‍ത്തിയുടെ നിര്‍ദേശപ്രകാരമാണ് നടപടി. 

മക്കിയാട് മീന്‍മുട്ടി വെള്ളച്ചാട്ടം, വെള്ളമുണ്ടയിലെ ചിറപ്പുല്ല് ട്രക്കിങ്, തലപ്പുഴയിലെ മുനീശ്വരന്‍ കുന്ന്, തിരുനെല്ലിയിലെ ബ്രഹ്മഗിരി ട്രക്കിങ് എന്നിവിടങ്ങളിലേക്കുള്ള പ്രവേശനമാണ് ഈ മാസം ഒന്നുമുതല്‍ തടഞ്ഞിരിക്കുന്നത്. ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ സഞ്ചാരികളെ ആരെയും ഇവിടേക്ക് പ്രവേശിപ്പിക്കില്ല. 

വിദേശ സഞ്ചാരികള്‍ ഉള്‍പ്പെടെ നൂറുകണക്കിന് പേര്‍ ദിവസവും എത്തുന്ന കേന്ദ്രങ്ങളാണിവ. ഉണങ്ങിയ പുല്‍മേടുകള്‍ ധാരാളം ഉള്ള കേന്ദ്രങ്ങളില്‍ ഇവക്ക് തീപിടിച്ചുണ്ടാകുന്ന വലിയ നാശം ഒഴിവാക്കുകയാണ് ലക്ഷ്യം. സഞ്ചാരികള്‍ അടക്കമുള്ളവരില്‍ നിന്നുണ്ടാകുന്ന ചെറിയ അശ്രദ്ധ പോലും നിയന്ത്രിക്കാനാകാത്ത വിധത്തിലുള്ള തീപിടുത്തം ഉണ്ടാക്കുമെന്നത് മുന്‍കൂട്ടി കണ്ടുള്ള നടപടിയാണ് അധികൃതര്‍ ഇപ്പോള്‍ കൈക്കൊണ്ടിരിക്കുന്നത്.  

click me!