മയ്യഴിപ്പുഴയിലെ താല്‍ക്കാലിക ബണ്ട് പൊളിച്ചു തുടങ്ങി, നടപടി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന്

By Web TeamFirst Published May 23, 2020, 4:35 PM IST
Highlights

പ്രദേശത്ത് കഴിഞ്ഞ തവണ വെള്ളപ്പൊക്കം ഉണ്ടായതിന് കാരണമായ ബണ്ടാണ് പൊളിക്കുന്നത്. ബണ്ട് പൊളിച്ചില്ലെങ്കില്‍ ഇത്തവണയും വെള്ളം കയറാൻ സാധ്യതയുണ്ടെന്ന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.

കണ്ണൂര്‍: മയ്യഴിപ്പുഴയ്ക്ക് കുറുകെ അഴിയൂർ പഞ്ചായത്തിലെ കക്കടവ് ഭാഗത്ത്‌ നിർമ്മിച്ച താൽക്കാലിക ബണ്ട് പൊളിച്ച് നീക്കി തുടങ്ങി. പ്രദേശത്ത് കഴിഞ്ഞ തവണ വെള്ളപ്പൊക്കം ഉണ്ടായതിന് കാരണമായ ബണ്ടാണ് പൊളിക്കുന്നത്. ബണ്ട് പൊളിച്ചില്ലെങ്കില്‍ ഇത്തവണയും വെള്ളം കയറാൻ സാധ്യതയുണ്ടെന്ന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. തലശേരി- മയ്യഴി ബൈപ്പാസ് നിര്‍മ്മാണത്തിനാണ് താല്‍ക്കാലിക ബണ്ട് നിര്‍മ്മിച്ചത്. ഇത്  കഴിഞ്ഞ തവണ മയ്യഴിപുഴയുടെ നീരൊഴുക്ക് തടസപ്പെടുത്തി. മഴക്കാലത്ത് അഴിയൂര്‍ മേഖലയില്‍ വെള്ളപ്പൊക്കത്തിന് ഇടയാക്കി.

ബണ്ട് നിലനിര്‍ത്തിയാല്‍ ഇത്തവണയും വെള്ളപ്പൊക്കം ഉണ്ടാക്കുമെന്ന ആശങ്കയിലായിരുന്നു നാട്ടുകാര്‍. ഇക്കാര്യം ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതേ തുടര്‍ന്ന് കഴിഞ്ഞ ദിവസം ബണ്ട് പൂര്‍ണ്ണമായും പൊളിച്ച് നീക്കാന്‍ കോഴിക്കോട് ജില്ല കലക്ടര്‍ ഉത്തരവിട്ടു. ബൈപ്പാസ് നിര്‍മ്മാണ ചുമതലയുള്ള ദേശീയപാത അതോറിറ്റിക്കാണ് നിര്‍ദ്ദേശം നല്‍കിയത്.  കലക്ടറുടെ ഉത്തരവ് പ്രകാരം ബണ്ട് പൊളിക്കുന്ന പ്രവൃത്തി തുടങ്ങി. ഇതിനകം ബണ്ടിന്‍റെ രണ്ട് ഭാഗങ്ങള്‍ പൊളിച്ച് നീക്കി. മണ്ണ് നീക്കുന്ന പ്രവൃത്തി രണ്ട് ദിവസം കൊണ്ട് പൂര്‍ത്തിയാവും. ഇതോടെ മയ്യഴിപ്പുഴയുടെ ഒഴുക്ക് സാധാരണ നിലയിലാവും. 

"

click me!