
തിരുവനന്തപുരം: സംസ്ഥാനപാതയിൽ കാരേറ്റിന് സമീപം പുളിമാത്ത് കാറുകൾ കൂട്ടിയിടിച്ച് 10 പേർക്ക് പരിക്ക്. ശബരിമല തീർത്ഥാടകർ സഞ്ചരിച്ച കാറും എയർപോർട്ടിലേക്ക് പോവുകയായിരുന്ന കാറുമാണ് കൂട്ടിയിടിച്ചത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.30 നാണ് അപകടമുണ്ടായത്. ശബരിമലയിലേക്ക് പോയ വാഹനത്തിൽ സഞ്ചരിച്ച തിരുവല്ലം രാജുഭവനിൽ ആർ രജി മോൻ (40), അഭിരാം (8), നെയ്യാറ്റിൻകര കൊയമ്പിൽ വീട്ടിൽ ജിത്തു കുമാർ (42), ജെ സ്വാതി (8), കാലടി ത്രയംമ്പകം വീട്ടിൽ ജയകൃഷ്ണൻ (32), അമ്പലത്തറ കുന്നുമുടമ്പിൽ വീട്ടിൽ ജെ കെ ജിജിത് (33), അമ്പലത്തറ സനിൽ കുമാർ (43), ഡ്രൈവർ അമരവിള തോട്ടുവരമ്പിൽ വീട്ടിൽ മനു (36), എയർപോർട്ടിലേക്ക് പോയ പത്തനാപുരം വലിയത്ത് ഹൗസിൽ തോമസ് മത്തായി (60), ഡ്രൈവർ അലിഫ് മൻസിലിൽ വി ഷാജി (40) എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇതിനിടെ ഗുജറാത്തിലെ നവ്സാരിയിൽ ബസും കാറും കൂട്ടിയിടിച്ച് ഒമ്പത് പേർ കൊല്ലപ്പെട്ടു. ഇന്നലെ രാത്രിയിലാണ് സംഭവം. അപകടത്തിൽ 28 പേർക്ക് പരുക്കേറ്റു. ബസ് എസ് യു വി കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. വാഹനം ഓടിക്കുന്നതിനിടെ ബസ് ഡ്രൈവർക്ക് ഹൃദയാഘാതമുണ്ടായതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക സൂചന. ഡ്രൈവർക്ക് നിയന്ത്രണം നഷ്ടപ്പെട്ടതോടെ എതിരെ വന്ന കാറിൽ ബസ് കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കാർ പൂർണമായി തകർന്നു. സൂറത്തിലെ പ്രമുഖ് സ്വാമി മഹാരാജ് ശതാബ്ദി മഹോത്സവത്തിൽ പങ്കെടുത്ത് മടങ്ങുകയായിരുന്ന ആളുകളാണ് ബസിലുണ്ടായിരുന്നത്. ഡ്രൈവറെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും അദ്ദേഹവും മരിച്ചു.
കാറിലുണ്ടായിരുന്ന ഒൻപതു പേരിൽ എട്ടു പേരും കൊല്ലപ്പെട്ടതായി പൊലീസ് അറിയിച്ചു. ബസിലുള്ളവർക്കാണ് പരിക്കേറ്റത്. നിസാര പരിക്കുകളോടെ ചികിത്സ തേടിയവർ ആശുപത്രി വിട്ടു. 11 പേർ ഇപ്പോഴും ചികിത്സയിലാണ്. ഗുജറാത്തിലെ അംകലേശ്വർ സ്വദേശികളാണ് കൊല്ലപ്പെട്ടത്. ഇവർ വൽസാദിൽനിന്ന് മടങ്ങുകയായിരുന്നു. വെസ്മ ഗ്രാമത്തിന് സമീപമായിരുന്നു അപകടം. അപകടത്തെ തുടർന്ന് ഹൈവേയിൽ ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു. അപകടത്തിൽപ്പെട്ട വാഹനങ്ങൾ റോഡിൽ നിന്ന് നീക്കിയതായി പൊലീസ് പറഞ്ഞു. സംഭവത്തിൽ കേന്ദ്രമന്ത്രി അമിത് ഷാ ദുഃഖം രേഖപ്പെടുത്തി.
കൂടുതല്‍ വായിക്കാന്‍: ഇടിച്ചുതീപിടിച്ചത് അത്യാധുനിക ആഡംബര കാര്‍, വെറുംവാക്കോ ജര്‍മ്മൻ സുരക്ഷ?!
കൂടുതല്‍ വായിക്കാന്‍: വാഹനാപകട കേസുകള്‍ക്ക് പൊലീസ് സ്‌റ്റേഷനുകളിൽ പ്രത്യേകം യൂണിറ്റുകള്‍, നിര്‍ണായക ഉത്തരവുമായി സുപ്രീംകോടതി