
പാലക്കാട്: കുട്ടികൾക്ക് കഞ്ചാവ് വിൽക്കുന്നത് ചോദ്യം ചെയ്‌തയാളെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിലെ പ്രതിക്ക് പത്ത് വർഷം കഠിന തടവും 95000 രൂപ പിഴയും വിധിച്ചു. കൊല്ലംകോട് ചിക്കണാംപടി തെക്കേവാടി മൊയ്തീനെയാണ് മണ്ണാർക്കാട് പട്ടികജാതി പട്ടികവർഗ പ്രത്യേക കോടതി ശിക്ഷിച്ചത്. 2020ൽ കൊല്ലംകോട് പൊലീസ് സ്‌റ്റേഷൻ പരിധിയിൽ വടക്കേ ഗ്രാമം പരിസരത്താണ് സംഭവം.
പ്രദേശത്തെ കുട്ടികൾക്ക് കഞ്ചാവ് വിൽപനയ്ക്ക് എത്തിയ മൊയ്‌തീനെ ഗോവിന്ദാപുരം ചെമ്മണാംപടി വടക്കേ ഗ്രാമത്തിലെ പാർഥിപൻ ചോദ്യം ചെയ്തിരുന്നു. ഇതിലുള്ള വിരോധം വച്ച് വടിവാൾ കൊണ്ട് പാർഥിപനെ മൊയ്തീൻ ആക്രമിച്ചു. മാരകായുധം കൊണ്ടുള്ള 12 വലിയ വെട്ടുകളുണ്ടായിരുന്നു.
വധശ്രമത്തിന് പത്ത് വർഷം കഠിന തടവും 70,000 രൂപ പിഴയും മാരകായുധം കൊണ്ട് ആക്രമിച്ചതിന് മൂന്ന് വർഷം കഠിന തടവും 25000 രൂപ പിഴയും തടഞ്ഞി നിർത്തിയതിന് ഒരു മാസം തടവുമാണ് മണ്ണാർക്കാട് പട്ടികജാതി പട്ടികവർഗ പ്രത്യേക കോടതി ജോഡ്‌ജി ജോമോൻ ജോൺ വിധിച്ചത്. ശിക്ഷ ഒന്നിച്ച് അനുഭവിച്ചാൽ മതി.