
എടത്വാ: പ്രളയത്തില്‍ വീട് തകര്‍ന്ന് പ്ലാസ്റ്റിക് ഷീറ്റ് ഉപയോഗിച്ച് താല്കാലികമായി മറച്ച ഒറ്റമുറി ഷെഡ്ഡില്‍ കഴിയേണ്ടി വന്ന കുടുംബത്തിന് വീട് നിര്‍മ്മിച്ച് നല്‍കി കൂടപ്പിറപ്പ് ചാരിറ്റബൾ സൊസൈറ്റി. തലവടി പഞ്ചായത്ത് പത്താം വാർഡിൽ മണലേൽ കോളനിയിൽ കൊച്ചുമോൻ, ജയശ്രീ ദമ്പതികളുടെ മകൻ തലവടി ഗവ. ഹൈസ്കൂൾ ഒൻപതാം ക്ലാസ്സ് വിദ്യാർഥി അഭിഷേകിനാണ് തലവടി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കൂടപ്പിറപ്പ് ചാരിറ്റബിൾ സൊസൈറ്റി വീട് നിർമ്മിച്ച് നൽകിയത്.
കഴിഞ്ഞ പ്രളയത്തിൽ വീട് പൂർണ്ണമായി തകർന്നതോടെ പ്ലാസ്റ്റിക് ഷീറ്റ് ഉപയോഗിച്ച് താല്കാലികമായി മറച്ച ഒറ്റമുറി ഷെഡ്ഡിലാണ് കുടുംബം അന്തിയുറങ്ങിയിരുന്നത്. മൂന്ന് വർഷമായി യാതനയുടെ നടുവിൽ കഴിഞ്ഞിരുന്ന അഭിഷേക് വെള്ളപ്പൊക്ക സമയത്ത് ക്യാമ്പുകളിൽ എത്തുമ്പോൾ മാത്രമാണ് ഭയപ്പാടില്ലാതെ അന്തിയുറങ്ങുന്നത്. പാചക തൊഴിലാളിയായ പിതാവ് കൊച്ചുമോൻ കൊവിഡ് വ്യാപനത്തെ തുടർന്ന് തൊഴിൽ കുറഞ്ഞതോടെ ദൈന്യംദിന ചിലവുകൾക്ക് ബുദ്ധിമുട്ടുകയായിരുന്നു.
ആഴ്ചയിൽ ഒന്നോ രണ്ടോ ദിവസം കൂലിപ്പണി ചെയ്തു കിട്ടുന്ന വരുമാനത്തിലാണ് മക്കളുടെ പഠനവും കുടുംബത്തിന്റെ ചിലവും കഷ്ടിച്ച് നടത്തിവന്നത്. സൊസൈറ്റിൽ അംഗമായ വിദേശ മലയാളികളിൽ നിന്നും തദ്ദേശിയരിൽ നിന്നും പണം സ്വരൂപിച്ചാണ് വീട് നിർമ്മിച്ചത്. രണ്ട് മുറി, അടുക്കള, സിറ്റൗട്ട് ഉൾപ്പെടെ 450 സ്ക്വയർ ഫീറ്റിലാണ് വീട് പൂർത്തിയാക്കിയത്. സൊസൈറ്റി ഭാരവാഹികളുടെ നേതൃത്വത്തിൽ വീടിന്റെ തറക്കല്ലിടീൽ അഭിഷേക് നിർവ്വഹിച്ചിരുന്നു. വീടിന് സമീപത്ത് നിർമ്മാണ സാമിഗ്രികൾ എത്താത്തതിനെ തുടർന്ന് നൂറ് മീറ്റർ അകലെ എത്തിക്കുന്ന സാധനങ്ങൾ ചാരിറ്റബിൾ സൊസൈറ്റിയിലെ അംഗങ്ങൾ തലച്ചുമടായാണ് സ്ഥലത്ത് എത്തിച്ചിരുന്നത്. സൊസൈറ്റി നിർമ്മിച്ച് നൽകുന്ന ആദ്യ വീടിന്റെ താക്കോൽ ദാനമാണ് നടന്നത്.
വീടിന്റെ താക്കോൽദാനം സിനിമതാരം മീനാക്ഷി, മാധ്യമ പ്രവർത്തകയായ ശരണ്യ സ്നേഹജൻ എന്നിവർ ചേർന്ന് നിർവ്വഹിച്ചു. രക്ഷാധികാരി അജി കടപ്പിലാരിൽ അധ്യക്ഷത വഹിച്ചു. തലവടി ഗ്രാമപഞ്ചായത്ത് വൈ. പ്രസിഡന്റ് ജോജി എബ്രഹാം, ബ്ലാക്ക് പഞ്ചായത്ത് അംഗം അജിത്ത് കുമാർ പിഷാരത്ത്, സെക്രട്ടറി രഞ്ജിത്ത് രാജൻ, ട്രഷറർ ചാക്കോ ,ഷിബു വിക്റ്റർ, ജോബിൻ നിരണം, കൺവീനർ കരിം, റോയ് പുത്തൻപുരക്കൽ എന്നിവർ പങ്കെടുത്തു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam