
കല്‍പ്പറ്റ: മണ്ണിടിഞ്ഞും മരം വീണും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തേണ്ടി വന്ന താമരശ്ശേരി ചുരത്തില്‍ മണിക്കൂറുകളോളം നീളുന്ന വാഹന തിരക്ക് നിത്യസംഭവമായി മാറുകയാണ്. ചുരത്തില്‍ ഏതെങ്കിലും തരത്തില്‍ ഗതാഗതം നടക്കാതെ വന്നാല്‍ എളുപ്പത്തില്‍ സാധ്യമാകുന്ന ബദല്‍പാതകള്‍ ഒന്നും നിലവില്‍ ഇല്ലെന്നിരിക്കെ ബ്ലോക്ക് ആയാല്‍ മണിക്കൂറുകളോളം ചുരംറോഡില്‍ കുടുങ്ങിക്കിടക്കുകയല്ലാതെ മറ്റൊരു പോംവഴിയും നിലവിലില്ല. പാതിവഴിയില്‍ നിന്ന് തിരികെ ഇറങ്ങാനോ വയനാട്ടിലേക്ക് തന്നെ തിരികെ പോകാനോ യു ടേണ്‍ പോലും സാധ്യമല്ലാത്ത വിധത്തില്‍ ആയിരിക്കും കാറുകളും മറ്റു വാഹനങ്ങളും ഗതാഗതകുരുക്കിലമരുക.
ബുധനാഴ്ച മണിക്കൂറുകളോളമാണ് വാഹനങ്ങള്‍ക്ക് പത്ത് കിലോമീറ്ററോളം വരുന്ന ചുരം പാതയില്‍ 'ഒച്ചിന്റെ വേഗ'ത്തില്‍ ഇഴയേണ്ടി വന്നത്. അടിവാരം മുതല്‍ ലക്കിടി വരെ രൂക്ഷമായ ഗതാഗത കുരുക്കായിരുന്നു അനുഭവപ്പെട്ടത്. തുടര്‍ച്ചയായ അവധി ദിവസങ്ങളും, ദസറ ആഘോഷത്തിനായി മൈസുരുവിലേക്ക് പോകുന്നവരും കൂടി ആയപ്പോള്‍ പറഞ്ഞ് അറിയിക്കാന്‍ കഴിയാത്തവിധം റോഡില്‍ വാഹനങ്ങളുടെ നീണ്ടനിര ദൃശ്യമായി.
വയനാട്ടിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് പോകുന്നവരുടെ എണ്ണം വരുംദിവസങ്ങളില്‍ വര്‍ധിച്ചേക്കും. ചരക്ക് ലോറികള്‍ വയനാട് ഭാഗത്തേക്ക് പോകുന്നിടത്താണ് കൂടുതല്‍ ഗതാഗതക്കുരുക്കുള്ളത്. യാത്രക്കാര്‍ കൃത്യമായ ഗതാഗത നിയമം പാലിക്കണമെന്ന് പൊലീസ് അഭ്യര്‍ഥിച്ചു. വയനാട്ടില്‍ നിന്ന് ആശുപത്രി, എയര്‍പോര്‍ട്ട്, റെയില്‍വെ സ്റ്റേഷന്‍ ആവശ്യങ്ങള്‍ക്കടക്കം പോകുന്നവര്‍ നേരത്തെ ഇറങ്ങണമെന്നും യാത്രക്കാര്‍ വെള്ളവും ലഘുഭക്ഷണവും കൈയില്‍ കരുതണമെന്നും ചുരം സംരക്ഷണ സമിതിയും പൊലീസും അറിയിച്ചു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam