
കൊച്ചി : ഫോട്ട് കൊച്ചിയില്‍ നിന്നും തെക്ക് മാറി 53 നോര്‍ത്തിൽ മത്സ്യബന്ധനം നടത്തുന്നതിനിടെ എംഎസ്സി ചരക്ക് കപ്പല്‍ മത്സ്യബന്ധന ബോട്ടിലിടിച്ചു. പുറംകടലിൽ ഇന്ന് വൈകീട്ട് 5.30 ഓടെയാണ് സംഭവം. പ്രത്യാശ എന്ന മത്സ്യബന്ധന വള്ളത്തിലാണ് കപ്പൽ ഇടിച്ചത്. വള്ളത്തിന് കേടുപാടുകൾ സംഭവിച്ചിട്ടുണ്ടെന്ന് തൊഴിലാളികൾ പറയുന്നു. മത്സ്യബന്ധനം നടത്തുന്നതിനിടെ ചരക്ക് കപ്പൽ മത്സ്യബന്ധന വള്ളത്തില്‍ ഇടിക്കുകയായിരുന്നുവെന്നാണ് തൊഴിലാളികൾ പറയുന്നത്. ഈ സമയം വള്ളത്തിൽ നാല്പതോളം പേരുണ്ടായിരുന്നു. ആർക്കും പരിക്കില്ല. തൊഴിലാളികൾ കൊച്ചിൻ കോസ്റ്റൽ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. അന്വേഷണം ആരംഭിച്ചു.
വലയില്‍ കുടുങ്ങിയ മത്സ്യങ്ങൾ നഷ്ടപ്പെട്ടതിലൂടെ മാത്രം ഏതാണ്ട് 10 ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി പ്രത്യാശ വള്ളത്തിലെ തൊഴിലാളിയായ ജോസഫ് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനോട് പറഞ്ഞു. നാളെ രാവിലെ വല പുറത്തെടുത്താല്‍ മാത്രമേ എത്ര രൂപയുടെ വല നഷ്ടപ്പെട്ടെന്ന് കണക്ക് കൂട്ടാന്‍ കഴിയൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആഴ്ചകൾക്ക് മുമ്പ് കടലില്‍ വീണ കണ്ടെയ്നറില്‍ വല കുടുങ്ങി ലക്ഷങ്ങളുടെ നഷ്ടം നേരിട്ടിരുന്നു. ഇതിന് പിന്നാലെ കടം വാങ്ങിയാണ് പുതിയ വല ഇറക്കിയത്. അതിന് ശേഷം വള്ളത്തിന് ലഭിച്ച ആദ്യത്തെ നല്ല കോളായിരുന്നു ഇന്നതേതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഏറെ കാലത്തിന് ശേഷമാണ് തങ്ങളുടെ വള്ളത്തിന് കാര്യമായ ഒരു കോള് കിട്ടിയതെന്നും അത് നഷ്ടമായെന്നും അദ്ദേഹം പറയുന്നു.
തെക്ക് മാറി 53 നോര്‍ത്തിൽ മത്സ്യബന്ധനം നടത്തുന്നതിനിടെയാണ ചരക്ക് കപ്പല്‍ എത്തിയത്. കപ്പല്‍ വരുന്നത് കണ്ട് തങ്ങൾ ബഹളം വച്ചെങ്കിലും കപ്പല്‍ വഴി തിരിച്ച് വിടാതെ ഓഫ് ചെയ്തിടുകയായിരുന്നു. ഈ സമയം ബോട്ട് കടലിലെ ഒഴുക്ക് പിടിച്ച് തെക്കോട്ട് നീങ്ങുകയും കപ്പലില്‍ ഇടിക്കുകയായിരുന്നു. ഈ സമയം തങ്ങളോടൊപ്പമുണ്ടായിരുന്ന നന്മ വള്ളത്തില്‍ നിന്നും കയർ എറിഞ്ഞ് തങ്ങളുടെ വള്ളത്തെ വലിച്ച് കപ്പലിന്‍റെ അടുത്ത് നിന്നും മാറ്റിയത് കൊണ്ട് മാത്രമാണ് ഏതാണ്ട് നാല്‍പ്പതോളം പേരുടെ ജീവന്‍ രക്ഷപ്പെട്ടതെന്നും ജോസഫ് കൂട്ടിച്ചേര്‍ത്തു. 12 മാറ് വെള്ളത്തില്‍ കപ്പലുകൾ സാധാരണയായി പോകാറില്ലാത്തതാണ്. എന്നാല്‍, കരയോട് ചേര്‍ന്നാണ് എംഎസ്സി കപ്പല്‍ സഞ്ചരിച്ചതെന്നും അദ്ദേഹം പറയുന്നു. 14 തൊഴിലാളികൾ ചേർന്ന് സ്വാശ്രയ സംഘം വഴി രജിസ്റ്റര്‍ ചെയ്ത വള്ളമാണ് പ്രത്യാശ. എംഎസ്സി ചരക്ക് കപ്പല്‍ വല്ലാര്‍പാടത്തേക്ക് വരുന്നതിനിടെയാണ് അപകടമുണ്ടായത്.