മലവെള്ളപ്പാച്ചിലിൽ ചാലിപ്പുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ രണ്ടുപേരുടെയും മൃതദേഹം കണ്ടെത്തി

By Web TeamFirst Published Jul 2, 2021, 3:02 PM IST
Highlights

പുഴയില്‍ കുളിക്കുന്നതിനിടയിൽ ശക്തമായ മലവെള്ളപ്പാച്ചിലുണ്ടാവുകയും ഒഴുക്കില്‍പ്പെടുകയുമായിരുന്നു. 

കോഴിക്കോട്: കോടഞ്ചേരി ചാലിപ്പുഴയിൽ ഇന്നലെ വൈകുന്നേരം ഒഴുക്കിൽപ്പെട്ട് കാണാതായ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി. കോഴിക്കോട് കിണാശ്ശേരി തച്ചറക്കൽ പരേതനായ തമ്പിളിൽ മുഹമ്മദിൻ്റെ മകനായ അൻസാർ മുഹമ്മദിന്റെ മൃതദേഹമാണ് പുലിക്കയം ഭാ​ഗത്ത് നിന്ന് കണ്ടെത്തിയത്. പെരുമണ്ണ പുതിയോട്ടിൽ ഇർഷാദിന്റെ ഭാര്യ ആയിഷ നിഷില (21) കിണാശ്ശേരി സ്വദേശി അൻസാർ മുഹമ്മദ്(26) എന്നിവരെ ഇന്നലെയാണ് ചാലിപ്പുഴയിലെ ഒഴുക്കിൽപെട്ട് കാണാതായത്. നിഷ്ലയുടെ മൃതദേഹം ഇന്നലെ ലഭിച്ചിരുന്നു. ഇന്നലെ കാലാവസ്ഥ മോശമായതിനെ തുടർന്ന് തെരച്ചിൽ നിർത്തിവെച്ചിരുന്നു. സുഹറാബിയാണ് അൻസാർ മുഹമ്മദിന്റെ മാതാവ്. സഹോദരങ്ങൾ തസ്ലീന, ഫസീല, ജസീല. 

സുഹൃത്തുക്കളായ ഇർഷാദ്, ഭാര്യ ആയിഷ നിഷില, അൻസാർ, അജ്മൽ എന്നിവർ രണ്ട് ബൈക്കുകളിലായാണ് സ്ഥലത്തെത്തിയത്. വയനാട് കമ്പളക്കാട് പോയി വരുന്ന വഴിക്ക് ആണ് ഇവർ ചാലിപ്പുഴയിൽ  ഇറങ്ങിയത്. ചൂരമുണ്ടയിൽ ചാലിപ്പുഴയിലെ പുളിഞ്ചോട്ടിൽ കയത്തിന് സമീപം ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് ശേഷം ഇവർ പുഴയിലെ കല്ലുകളിൽ ഇരിക്കുന്നതായി സമീപവാസികൾ കണ്ടിരുന്നു. പിന്നീട്  പുഴയില്‍ കുളിക്കുന്നതിനിടയിൽ ശക്തമായ മലവെള്ളപ്പാച്ചിലുണ്ടാവുകയും ഒഴുക്കില്‍പ്പെടുകയുമായിരുന്നു. 

മലവെള്ളപ്പാച്ചിലില്‍ ചാലിപ്പുഴയില്‍ കാണാതായ യുവതിയുടെ മൃതദേഹം കണ്ടെത്തി: യുവാവിന് വേണ്ടി തെരച്ചിൽ തുടരുന്നു

ഇവരുടെ കൂടെ ഒഴുക്കിൽപ്പെട്ട് നീന്തി രക്ഷപ്പെട്ട ഇർഷാദ്, അജ്മൽ എന്നിവർ അൻസാറിന്റെ മാതൃ സഹോദരിയുടെ മക്കളാണ്. ഇർഷാദിൻ്റെ ഭാര്യയാണ് മരണപ്പെട്ട ആയിശ നിഷ്ല. നീന്തി രക്ഷപ്പെട്ട മറ്റ് രണ്ട് പേർ പരിസരവാസികളെ വിവരം അറിയിക്കുകയായിരുന്നു. പിന്നീട്  നാട്ടുകാർ വിവരം  അറിയിച്ചതിനെ തുടർന്ന് കോടഞ്ചേരി പൊലീസും മുക്കം ഫയർ ഫോഴ്സും സ്ഥലത്തെത്തി രക്ഷാ പ്രവർത്തനം ആരംഭിച്ചു. 

 


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്‍റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യഅകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.

click me!