
ഹരിപ്പാട്: നിര്‍മാണത്തിലെ അപാകതയും അനധികൃത മണലൂറ്റും കാരണം വീയപുരം ഗ്രാമപഞ്ചായത്തിലെ പാലങ്ങള്‍ അപകടാവസ്ഥയില്‍. അക്കരമുറിഞ്ഞപുരക്കല്‍, വീയപുരം, ഇരതോട് എന്നിവിടങ്ങളിലെ പാലങ്ങളാണ് അപകടാവസ്ഥയിലുള്ളത്. ഈ പാലങ്ങളുടെ അടിഭാഗവും തറയില്‍ നിന്നും പാലം വരെ പണിതുയര്‍ത്തിയ കരിങ്കല്‍ ഭിത്തിയും പൊട്ടിപിളര്‍ന്ന നിലയിലാണ്.
വീയപുരം പാലത്തിന്റെ സ്ഥിതിയും വിഭിന്നമല്ല. ഇരതോട് പാലത്തിന്റെ കൈവരികള്‍ മിക്കതും ഒടിഞ്ഞുവീണു. പാലത്തിന്റെ കോണ്‍ക്രീറ്റുകളും ഇളകിയ നിലയിലാണ്. വീയപുരം എച്ച്.എസ്സ്.എസ്സിലെ കുട്ടികളും പ്രദേശവാസികളും ഉള്‍പ്പെടെ നിരവധിയാളുകള്‍ അക്കരമുറിഞ്ഞപുരക്കല്‍ പാലത്തിന്റെ കടവില്‍ നിന്നുമാണ് വെള്ളം ശേഖരിക്കുന്നത്.
16 പാടശേഖരങ്ങളുള്ള വീയപുരം ഗ്രാമപഞ്ചായത്തില്‍ 7 പാലങ്ങളാണ് ഉള്ളത്. ഇവിടെ പാലങ്ങള്‍ പണിതത് ദീര്‍ഘവീക്ഷണമില്ലാതെയാണെന്ന് ആരോപണമുയര്‍ന്നിരുന്നു. പാലം പണിയുന്ന സ്ഥലത്തിന് തൊട്ടടുത്ത് നിന്ന് മണ്ണ് മാന്തി കപ്പലിന്റെ സഹായത്തോടെ മണലെടുത്താണ് റോഡുകള്‍ നിര്‍മിച്ചതെന്നും ഇത് ഗുണനിലവാരമില്ലാത്ത പൂഴിമണലാണെന്നും നാട്ടുകാര്‍ ആരോപിക്കുന്നു. മാത്രമല്ല ശക്തമായ മഴയില്‍ ഈ മണലുകള്‍ ഒലിച്ചുപോകാന്‍ സാധ്യതയുണ്ട്.
പാലത്തിന്റെ തൂണിന്റെ അടിത്തട്ടില്‍ നിന്നും യന്ത്രങ്ങളുടെ സഹായത്തോടെ മണലൂറ്റ് നടന്നിട്ടും പോലീസ് നടപടിയെടുക്കുന്നില്ലെന്നും ആരോപണമുണ്ട്. ദീര്‍ഘ ദൂരസര്‍വ്വീസുകള്‍ ഉള്‍പ്പെടെ നിരവധി വാഹനങ്ങള്‍ കടന്നുപോകുന്ന തിരക്കുള്ള ഈ വഴിയിലൂടെ വാഹനങ്ങള്‍ കടന്നുപോകുമ്പോള്‍ പാലത്തില്‍ കുലുക്കം ഉണ്ടാകുന്നതായി യാത്രക്കാര്‍ സാക്ഷ്യപ്പെടുത്തുന്നു. പ്രതിഷേധം വ്യാപകമാകുമ്പോള്‍ അറ്റകുറ്റപണി നടത്തി തടിതപ്പുന്ന പ്രവണതയാണ് അധികൃതരുടെ ഭാഗത്ത് നിന്നുമുണ്ടാകുന്നതെന്ന് പരക്കെ ആക്ഷേപമുണ്ട്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam