'തല വെട്ടം കണ്ടാല്‍ പറന്ന് കൊത്തും'; നാട്ടുകാര്‍ക്ക് ഭീഷണിയായി പരുന്ത്, ഒടുവില്‍ വലയിലാക്കി

By Web TeamFirst Published Sep 12, 2021, 7:50 AM IST
Highlights

വീടിന് പുറത്തിറങ്ങിയാൽ പറന്നുവന്ന് ആക്രമിക്കുന്ന രീതിയായിരുന്നു പരുന്തിന്റേത്. ഇതുമൂലം ഭയന്നാണ് കുട്ടികളടക്കമുള്ളവർ  കഴിഞ്ഞിരുന്നത്...

ആലപ്പുഴ: ആളുകളെ പറന്നുചെന്ന് കൊത്തിയിരുന്ന ആക്രമണകാരിയായ പരുന്തിനെ  ഹരിപ്പാട് നിന്ന് പിടികൂടി. ചിങ്ങോലി പന്ത്രണ്ടാം വാർഡിൽ വൈദ്യശാലയ്ക്ക്‌ പടിഞ്ഞാറ്  പേരാത്ത് ഭാഗത്തെ വീടുകളിലെ ആളുകൾക്ക് പുറത്തിറങ്ങാനാവാത്ത വിധം ശല്യക്കാരൻ ആയിരുന്ന പരുന്തിനെ ആണ് നാട്ടുകാർ പിടികൂടിയത്. 

വീടിന് പുറത്തിറങ്ങിയാൽ പറന്നുവന്ന് ആക്രമിക്കുന്ന രീതിയായിരുന്നു പരുന്തിന്റേത്. ഇതുമൂലം ഭയന്നാണ് കുട്ടികളടക്കമുള്ളവർ  കഴിഞ്ഞിരുന്നത്. പരുന്തിന്റെ  ആക്രമണത്തിൽ പേരാത്ത് തെക്കതിൽ സരോജിനി മരുമകൾ ജയന്തി, ഹരി ഭവനം അമല, ഗൗരിസിൽ നീതു കൃഷ്ണ എന്നിവർക്ക് പരിക്കേറ്റിരുന്നു. 

പരുന്തിന്റെ  ശല്യം കാരണം ഭീതിയോടെ കഴിഞ്ഞിരുന്ന ജനങ്ങൾ  ഗ്രാമസഭയിൽ വിവരമറിയിക്കുകയും ഗ്രാമപഞ്ചായത്ത് അംഗം ബി അൻസിയ റാന്നി ഫോറസ്റ്റ് ഡിവിഷനിൽ വിവരം അറിയിക്കുകയും ചെയ്തിരുന്നു. തുടർന്ന് നാട്ടുകാർ സംഘടിച്ച് വല ഉപയോഗിച്ച് പരിക്കേൽക്കാതെ  പിടികൂടുകയായിരുന്നു. ഗ്രാമപഞ്ചായത്തംഗം ബി ആൻസിയുടെ വീട്ടിൽ സൂക്ഷിച്ചിരിക്കുന്ന പരുന്തിനെ ഇന്ന് ഫോറസ്റ്റ് ഉദ്യോഗസ്ഥർക്ക് കൈമാറും.

click me!