മനം കവർന്ന് ശബരിമേള; കരകൗശല വസ്തുക്കൾ വിപണി കീഴടക്കുന്നു

By Web TeamFirst Published Dec 6, 2019, 10:48 PM IST
Highlights

ബാംബൂ കോർപ്പറേഷൻ മുളയിൽ തീർത്ത ഉല്പന്നങ്ങൾക്കാണ് ആവശ്യക്കാർ കൂടുതൽ. 50 രൂപയുടെ മുളകോൽ മുതൽ 26,000 രൂപയുടെ മുളയിൽ തീർത്ത ഡൈനിംങ് ടേബിൾ വരെ ഇവിടെയുണ്ട്. 

കുറ്റിപ്പുറം: ശബരിമല ഇടത്താവളമായ കുറ്റിപ്പുറം മിനി പമ്പയിൽ വ്യവസായ വാണിജ്യ വകുപ്പ് സംഘടിപ്പിക്കുന്ന ശബരിമേള മനം കവരുന്നു. ശബരിമല യാത്രയ്ക്കിടയിൽ നിളയുടെ തീരത്ത് വിശ്രമിക്കാനെത്തുന്ന തീർത്ഥാടകരും കാറ്റു കൊള്ളാനും സൊറ പറഞ്ഞിരിക്കാനും എത്തുന്ന നാട്ടുകാരുമാണ് മേളയിലെ വസ്തുക്കൾക്ക് ആവശ്യക്കാർ. 24 മണിക്കൂറും പ്രവർത്തിക്കുന്ന മേളയിൽ ഒമ്പത് സ്റ്റാളുകളാണ് പ്രവർത്തിക്കുന്നത്. 

ബാംബൂ കോർപ്പറേഷൻ മുളയിൽ തീർത്ത ഉല്പന്നങ്ങൾക്കാണ് ആവശ്യക്കാർ കൂടുതൽ. 50 രൂപയുടെ മുളകോൽ മുതൽ 26,000 രൂപയുടെ മുളയിൽ തീർത്ത ഡൈനിംങ് ടേബിൾ വരെ ഇവിടെയുണ്ട്. നാല് കസേരകളും ടേബിളും അടങ്ങുന്നതാണ് ഡൈനിംങ് ടേബിൾ സൈറ്റ്. കൂടാതെ ചാരുകസേര, മുള സോഫ, പുട്ടുകുറ്റി, മുള വിളക്ക്, നക്ഷത്രം, തുടങ്ങി മുളയിൽ നിർമ്മിച്ച വീട്ടുപകരണങ്ങൾ അനവധിയാണ്. കല്ലൻമുള, ആനമുള, ഇല്ലിമുള തുടങ്ങിയ മുളകൾ ഉപയോഗിച്ചാണ് വസ്തുക്കൾ നിർമ്മിച്ചിരിക്കുന്നത്.

മേളയുടെ മറ്റൊരാകർഷണം ഹാൻഡി ക്രാഫ്റ്റ് കോർപ്പറേഷന്റെ കരകൗശല വസ്തുക്കളാണ്. 2,730 രൂപ മുതൽ 12,399 രൂപ വരെ വിലമതിക്കുന്ന മരത്തിൽ തീർത്ത ഗണപതിവിഗ്രഹങ്ങളും 340 രൂപ മുതൽ 2,191 രൂപ വരെ വിലമതിക്കുന്ന ആന ശില്പങ്ങളും ഇവിടെയുണ്ട്. ആറന്മുള കണ്ണാടി, വിവിധ തരം മരങ്ങളിൽ കൊത്തിയുണ്ടാക്കിയ കൗതുക വസ്തുക്കൾ എന്നിവയുമുണ്ട്. 

തേഞ്ഞിപ്പലം കുടുംബശ്രീ ഭക്ഷ്യ ഉല്പന്നങ്ങൾ, കേരള ദിനേശ് സൊസൈറ്റിയുടെ ഭക്ഷ്യ ഉല്പന്നങ്ങൾ, കേരള സാൻഡൽ സോപ്പ് ഉല്പന്നങ്ങൾ, മിൽമ ഉല്പന്നങ്ങൾ, ഖാദി വില്ലേജ് ഉല്പന്നങ്ങൾ, ഹാൻവീവ് തുണിത്തരങ്ങൾ എന്നിവയും മേളയിലുണ്ട്. 2020 ജനുവരി പതിനഞ്ചു വരെ മേള പ്രവർത്തിക്കും.
 

click me!