ഗദ്ദിക നഗരിയിലെ ചൂതുമണിയില്‍ ഇന്ന് ഉറുമ്പ് ചമ്മന്തി സ്പെഷ്യൽ

By Web TeamFirst Published Dec 6, 2019, 10:29 PM IST
Highlights

ചൂടായ ഉരുളിയിലേക്ക് ജീവനുള്ള ഉറുമ്പുകളെ ഇട്ട് വറുത്തെടുത്ത ശേഷം കാന്താരിയും, തേങ്ങ, മഞ്ഞള്‍, ഉപ്പ് എന്നിവയും ചേര്‍ത്ത്...

ആലപ്പുഴ: മാവേലിക്കര ഗദ്ദിക നഗരിയിലെ ഗോത്ര രുചികളുടേയും കരകൗശല നിര്‍മ്മാണത്തിന്‍റെയും തത്സമയ അവതരണത്തിന്‍റെ വേദിയായ ചൂതുമണിയില്‍ നാലാം ദിനം ഒരുക്കിയത് ഏറെ വ്യത്യസ്തമായ വിഭവം. കാസര്‍ഗോഡ് നിന്നുമെത്തിയ മാവിലന്‍ ഗോത്രത്തില്‍ പെട്ട സംഘം ഒരുക്കിയത് നാട്ടിലെങ്ങും കേട്ടുകേള്‍വി പോലുമില്ലാത്ത 'ഉറുമ്പ് ചമ്മന്തി'. ജീവനോടെ പിടിച്ച് കുപ്പിയിലാക്കിയ ഉറുമ്പുകളെ അവയുടെ ഇലക്കൂടടക്കമാണ് പാകം ചെയ്യാനായി മാവിലന്‍ സംഘം ചൂതുമണിയില്‍ എത്തിച്ചത്. 

ചൂടായ ഉരുളിയിലേക്ക് ജീവനുള്ള ഉറുമ്പുകളെ ഇട്ട് വറുത്തെടുത്ത ശേഷം കാന്താരിയും, തേങ്ങ, മഞ്ഞള്‍, ഉപ്പ് എന്നിവയും ചേര്‍ത്ത് ഇടിച്ചെടുത്താണ് മാവിലന്‍ സംഘം ഏറെ വ്യത്യസ്തമായ 'ഉറുമ്പ് ചമ്മന്തി'  ഗദ്ദികയിലെത്തിയവര്‍ക്കായി തയ്യാറാക്കിയത്. ഉപ്പും, പുളിയും കാന്താരിയുടെ എരിവും ചേര്‍ന്ന ഈ വിഭവം ഏറെ ആശ്ചര്യത്തോടെയാണ് പലരും രുചിച്ച് നോക്കിയത്. 

ചിലരാവട്ടെ ഉറുമ്പ് ചമ്മന്തി എന്ന് കേട്ടപ്പോള്‍ ആദ്യം ഒന്ന് മടിച്ചെങ്കിലും രുചിച്ചവരുടെ ഭാഗത്ത് നിന്ന് മികച്ച അഭിപ്രായം ലഭിച്ചപ്പോള്‍ 'ഉറുമ്പ് ചമ്മന്തിയുടെ രുചി നുകരാന്‍ ചൂതുമണിയില്‍ തിക്കി തിരക്കുന്നതും വേറിട്ട കാഴ്ച്ചയായി. കാസര്‍ഗോട് നിന്നുമുള്ള മാവിലന്‍ ഗോത്രത്തില്‍പ്പെട്ട കുഞ്ഞിക്കണ്ണനും സംഘവുമാണ് വ്യത്യസ്തമായ ഈ വിഭവം ചൂതുമണിയില്‍ തയ്യാറാക്കിയത്.

click me!