
കാസർകോട്: കാസർകോട് (Kasaragod) പനത്തടിയിൽ വന മേഖലയിൽ ഇറങ്ങിയ നായാട്ട് സംഘത്തെ പിടികൂടി. പാണത്തൂർ കാഞ്ഞിരത്തിങ്കൽ സ്വദേശി ബാബു ജോർജ്, കുണ്ടുപ്പള്ളി സ്വദേശി കെ മോഹനൻ എന്നിവരാണ് പിടിയിലായത് . കൂടെയുണ്ടായിരുന്ന സൈമൺ ഓടിരക്ഷപ്പെട്ടു. പ്രതികളിൽ നിന്ന് ലൈസൻസില്ലാത്ത നാടൻ തോക്കും തിരകളും പിടിച്ചു. ഇവർ സഞ്ചരിച്ച വാഹനവും പിടികൂടിയിട്ടുണ്ട്. ജില്ലയിലെ കുപ്രസിദ്ധ നായാട്ട് സംഘത്തിലെ അംഗങ്ങളാണ് പിടിയിലായവരെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
തൃശ്ശൂരില്‍ ഉത്സവങ്ങളില്‍ 15 ആനകളെ എഴുന്നള്ളിക്കാന്‍ അനുമതി
തൃശ്ശൂര്‍ ജില്ലയിലെ ഉത്സവങ്ങളില്‍ ക്ഷേത്രത്തിനകത്ത് 15 ആനകളെ എഴുന്നള്ളിക്കാന്‍ അനുമതി. കളക്ടര്‍ അധ്യക്ഷയായ ജില്ലാ മോണിറ്ററിംഗ് കമ്മിറ്റി യോഗത്തിലാണ് തീരുമാനം. വരവ് പൂരങ്ങൾക്ക് മൂന്ന് ആനയും ഗുരുവായൂർ ആനയോട്ടത്തിന് മൂന്ന് ആനയും അനുവദിക്കാൻ തീരുമാനിച്ചു. ആറാട്ടുപുഴ പൂരത്തിന് പ്രത്യേക ഡിഎംസി വിളിക്കുവാനും തീരുമാനിച്ചു.
ഗുരുവായൂർ ക്ഷേത്ര ഉൽസവത്തിന്‍റെ പ്രാരംഭമായി നടത്തുന്ന ആനയോട്ട ചടങ്ങിൽ രവികൃഷ്ണൻ, ദേവദാസ്, വിഷ്ണു എന്നീ ആനകൾ പങ്കെടുക്കും. നേരത്തെ വിദഗ്ധ സമിതി തെരഞ്ഞെടുത്ത ആറ് ആനകളിൽ നിന്ന് ഇവയെ നറുക്കിട്ടെടുക്കുകയായിരുന്നു. തിങ്കളാഴ്ച ഉച്ചതിരിഞ്ഞ് മൂന്ന് മണിക്കാണ് ആനയോട്ടം ചടങ്ങ്. ചടങ്ങില്‍ ഒരാനയെ മാത്രം പങ്കെടുപ്പിച്ചാല്‍ മതിയെന്നായിരുന്നു ജില്ലാ ഭരണം കൂടം അറിയിച്ചത്. പിന്നാലെയാണ് ഇത് മൂന്നാക്കി മാറ്റിയത്.
ഗുരുവായൂരിൽ ഉത്സവാഘോഷങ്ങളോടനുബന്ധിച്ചുള്ള പ്രത്യേക ചടങ്ങാണ് ഗുരുവായൂർ ആനയോട്ടം. ഉത്സവകാലത്ത് ഭഗവാന്റെ സ്വർണ്ണതിടമ്പ് എഴുന്നള്ളിക്കുന്നതിനുള്ള ആനയെ തിരഞ്ഞെടുക്കുന്നത് ആനയോട്ടത്തിലൂടെയാണ്. ക്ഷേത്രത്തിന്റെ കിഴക്കുള്ള മഞ്ജുളാൽ പരിസരത്ത് നിന്ന് ആരംഭിക്കുന്ന ആനയോട്ടം അമ്പലത്തിന്റെ ഉള്ളിൽ ഏഴ് പ്രദക്ഷിണത്തോടെ അവസാനിക്കുന്നു. ആദ്യം ക്ഷേത്രത്തിന്റെ കിഴക്കേ ഗോപുരം കടക്കുന്ന ആനയെ വിജയിയായി പ്രഖ്യാപിക്കും.
ക്ഷേത്രത്തിൽ ആനയില്ലാതിരുന്ന കാലത്ത് ഉത്സവ എഴുന്നള്ളിപ്പിന് മറ്റുള്ള ക്ഷേത്രത്തിൽനിന്നും ആനകളെ കൊണ്ടുവരുമായിരുന്നു. എന്തോ കാരണങ്ങൾകൊണ്ട് ഒരു വർഷം ആനകളെ കൊണ്ടുവരാൻ കഴിഞ്ഞില്ല. അന്ന് ഉച്ചക്ക് ശേഷം തൃക്കണാമതിലകം ക്ഷേത്രത്തിൽനിന്ന് ഗുരുവായൂർ ക്ഷേത്രത്തിലേക്ക് ആനകൾ ഓടിയെത്തി എന്നാണ് ഐതിഹ്യം. ഇതിന്റെ ഓർമ്മയ്ക്കായി എല്ലാവർഷവും ഗുരുവായൂർ ഉത്സവം ആരംഭിക്കുന്നത് ആനയോട്ടത്തോടെയാണ്. ആനകൾ ഓടിവന്ന സമയത്തെ അനുസ്മരിച്ചുകൊണ്ട് ഉച്ചതിരിഞ്ഞ് മൂന്നുമണിക്കാണ് ആനയോട്ടം നടത്തുന്നത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam