യന്ത്രം പണിമുടക്കി, പാതി കത്തിയ നിലയില്‍ 80കാരന്റെ മൃതദേഹം ചേംബറിനകത്ത് കിടന്നത് നാല് മണിക്കൂര്‍, പുന്നയൂർക്കുളത്ത് പ്രതിഷേധം

Published : Apr 17, 2026, 09:18 PM IST
Kuttappan

Synopsis

തൃശൂർ പുന്നയൂർക്കുളത്തെ ഗ്യാസ് ക്രിമറ്റോറിയത്തിൽ യന്ത്രം പണിമുടക്കിയതിനെ തുടർന്ന് 80കാരന്റെ മൃതദേഹം പാതി കത്തിയ നിലയിൽ മണിക്കൂറുകളോളം ചേംബറിൽ കുടുങ്ങി. സംഭവത്തിൽ മൃതദേഹത്തോട് അനാദരവ് കാട്ടിയെന്ന് ആരോപിച്ച് ബന്ധുക്കളും നാട്ടുകാരും പ്രതിഷേധവുമായി രംഗത്തെത്തി.

തൃശൂര്‍: പുന്നയൂര്‍ക്കുളം പുന്നയൂര്‍ പഞ്ചായത്തിന്റെ നിയന്ത്രണത്തിലുള്ള ഗ്യാസ് ക്രിമറ്റോറിയത്തില്‍ മൃതദേഹത്തോട് അനാദരവ്. സാങ്കേതിക തകരാര്‍ സംഭവിച്ചതിനെ തുടര്‍ന്ന് മൃതദേഹം പാതി കത്തിയ നിലയില്‍ ചേംബറിനകത്ത് കിടന്നത് നാല് മണിക്കൂര്‍. സംഭവത്തില്‍ വ്യാപക പ്രതിഷേധമുയർന്നു. മൃതദേഹം സംസ്‌കരിക്കാന്‍ കഴിയാതെ മണിക്കൂറുകളോളം കാത്തിരിക്കേണ്ടി വന്നതോടെ ബന്ധുക്കളും നാട്ടുകാരും പ്രതിഷേധവുമായി രംഗത്തെത്തി. പുന്നയൂര്‍ എടക്കഴിയൂര്‍ സ്വദേശി പുന്നവീട്ടില്‍ കുട്ടപ്പന്‍ (82) ആണ് വ്യാഴാഴ്ച രാത്രി 11 മണിയോടെ മരിച്ചത്. വെള്ളി ഉച്ചയ്ക്ക് 12 മണിയോടെ മൃതദേഹം ദഹിപ്പിക്കാനായി പുന്നയൂര്‍ പഞ്ചായത്ത് ശ്മശാനത്തിലെ സ്മൃതി പഥം ഗ്യാസ് ക്രിമറ്റോറിയത്തില്‍ എത്തിച്ചു. തുടക്കത്തില്‍ ചേംബറിന്റെ പ്രവര്‍ത്തനം ആരംഭിച്ചെങ്കിലും പിന്നീട് യന്ത്രം നിലച്ചതോടെ മൃതദേഹം പാതി കത്തിയ നിലയില്‍ ചേംബറിനകത്ത് തുടരുകയായിരുന്നു.

ക്രിമറ്റോറിയത്തിലെ ആറ് ബര്‍ണറുകളില്‍ ഒന്ന് മാത്രമാണ് പ്രവര്‍ത്തിച്ചിരുന്നതെന്നും ബാക്കി അഞ്ച് ബര്‍ണറുകളും തകരാറിലായിരുന്നുവെന്നും ബന്ധുക്കള്‍ പറഞ്ഞു. ഇതോടെ മൃതദേഹം പൂര്‍ണമായി ദഹിക്കാതെ ഏറെ നേരം ചേംബറിനകത്ത് കിടക്കേണ്ടിവന്നു. പ്രശ്‌നത്തെക്കുറിച്ച് ജീവനക്കാരനോട് ചോദിച്ചപ്പോള്‍ ''തിരിച്ച് പോയ്‌ക്കോളൂ'-' എന്ന സമീപനമാണ് ഉണ്ടായതെന്ന് ബന്ധുക്കള്‍ ആരോപിച്ചു. ഇതാണ് പ്രതിഷേധം രൂക്ഷമാകാന്‍ കാരണമായത്. തകരാര്‍ ഉടന്‍ പരിഹരിക്കാതെ മൃതദേഹം മറ്റ് എവിടെയെങ്കിലും കൊണ്ടുപോയി കത്തിച്ച് ചിതാഭസ്മം തരുവാനുള്ള ശ്രമമാണ് ജീവനക്കാരുടേതെന്ന് ബന്ധുക്കള്‍ ആരോപിച്ചു.

നാലുമണിയോടെ ടെക്‌നീഷ്യന്‍ എത്തി ഭാഗികമായി തകരാര്‍ പരിഹരിച്ചതോടെ ക്രിമറ്റോറിയം വീണ്ടും പ്രവര്‍ത്തനം ആരംഭിച്ചു. സംഭവ വിവരം അറിഞ്ഞ് ഗുരുവായൂര്‍ പോലീസ്, പുന്നയൂര്‍ പഞ്ചായത്ത് പ്രസിഡന്റ്, വാര്‍ഡ് മെമ്പര്‍മാര്‍, നാട്ടുകാര്‍ തുടങ്ങി നിരവധി പേര്‍ സ്ഥലത്തെത്തി. സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കാനും മൃതദേഹം സംസ്‌കരിക്കാനുള്ള അടിയന്തര നടപടി സ്വീകരിക്കാനും ശ്രമം നടത്തി. കഴിഞ്ഞ എല്‍.ഡി.എഫ്. പഞ്ചായത്ത് ഭരണസമിതിയുടെ കാലത്താണ് ശ്മശാനം പുന്നയൂര്‍ ആലാപാലത്ത് പണികഴിപ്പിച്ചത്. നിലവില്‍ യുഡിഎഫ് ഭരണസമിതിയാണ് പ‍ഞ്ചായത്ത് ഭരിക്കുന്നത്. 

2025 നവംബര്‍ മൂന്നിനാണ് ഒരു കോടി 40 ലക്ഷം രൂപ ചെലവഴിച്ച് നിര്‍മ്മിച്ച ശ്മശാനം മന്ത്രി ഡോ. ആര്‍. ബിന്ദു ഉദ്ഘാടനം ചെയ്തത്. എട്ടോളം മൃതദേഹമാണ് ഇവിടെ സംസ്‌കരിക്കാനായിട്ടുള്ളതെന്നും ഇത് മൂന്നാം തവണയാണ് വലിയ സാങ്കേതിക തകരാര്‍ സംഭവിക്കുന്നതെന്നും നാട്ടുകാര്‍ ആരോപിച്ചു. ഇവിടെ മുമ്പ് പരമ്പരാഗത രീതിയിലുള്ള ശ്മശാന സൗകര്യമാണ് ഉണ്ടായിരുന്നത്. പിന്നീട് ഗ്യാസ് ക്രിമറ്റോറിയം സ്ഥാപിക്കാന്‍ തീരുമാനിച്ചപ്പോള്‍ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധങ്ങളും തര്‍ക്കങ്ങളും ഉയര്‍ന്നിരുന്നു. ആദ്യം കടപ്പുറത്തെ പഞ്ചവടി ക്ഷേത്രത്തിനടുത്ത് സ്ഥാപിക്കാന്‍ ആലോചന ഉണ്ടായിരുന്നെങ്കിലും എതിര്‍പ്പിനെ തുടര്‍ന്ന് പിന്നീട് കുരഞ്ഞിയൂരില്‍ സ്ഥാപിക്കുകയായിരുന്നു.

ഇത് ഒരു പ്രത്യേക സമൂഹത്തിനായി മാത്രം നിര്‍മിച്ച സംവിധാനമായതിനാല്‍ നിരന്തരം തകരാറുകള്‍ സംഭവിക്കുന്നത് ആ സമൂഹത്തോടുള്ള അവഹേളനമാണെന്ന് പഞ്ചായത്തംഗം ആര്‍.പി. ബഷീര്‍ ആരോപിച്ചു. ക്രിമറ്റോറിയം നിര്‍മിച്ച കോസ്റ്റ്‌ഫോഡ് സ്ഥാപനത്തിനെതിരേയും അനുമതി നല്‍കിയ പഞ്ചായത്ത് ഭരണസമിതിക്കെതിരേയും അന്വേഷണം ആവശ്യപ്പെട്ട് വിജിലന്‍സ് കോടതിയെ സമീപിക്കുമെന്നും അദ്ദേഹം അറിയിച്ചു. സംഭവത്തില്‍ പട്ടികജാതി കമ്മീഷനില്‍ പരാതി നല്‍കുമെന്ന് മരണപ്പെട്ട കുട്ടപ്പന്റെ മകനും കെ.എസ്.ഇ.ബി. ജീവനക്കാരനുമായ സതീഷ് പറഞ്ഞു. പിതാവിന്റെ മൃതദേഹത്തോട് കാണിച്ച അനാദരവിനെതിരേ പട്ടികജാതി കമ്മീഷനില്‍ പരാതി നല്‍കുമെന്ന് അറിയിച്ചു. സംഭവത്തില്‍ പഞ്ചായത്ത് അധികൃതര്‍ അടിയന്തരമായി വിശദീകരണം നല്‍കുകയും ക്രിമറ്റോറിയത്തിന്റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുകയും വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം. പരേതയായ തങ്കയാണ് കുട്ടപ്പന്റെ ഭാര്യ. ഖുഷി, സതീശന്‍, ഒക്‌സ, ഓഷ എന്നിവരാണ് മക്കള്‍.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'എനിക്ക് സ്‌നേഹിക്കാനും എന്നെ സ്‌നേഹിക്കാനും ഒരു പെണ്ണ് വേണം'; ഓട്ടോയ്ക്ക് പിന്നില്‍ വിവാഹ പരസ്യം നല്‍കി ഓട്ടോ ഡ്രൈവര്‍
ബിഎംഡബ്ല്യു, ഇഗ്‌നിസ്, ക്യൂട്ട്, താര്‍, ഹാര്‍ലി ഡേവിഡ്സണ്‍, ബുള്ളറ്റുകള്‍; മലപ്പുറം ആലത്തിയൂരിൽ വീട്ടുമുറ്റത്ത് നിര്‍ത്തിയ വാഹനങ്ങള്‍ കത്തി നശിച്ചു