കൊല്ലത്ത് അമ്മയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച മകനെ പൊലീസ് അറസ്റ്റ് ചെയ്തു. തൊടിയൂർ മുഴങ്ങോടി സ്വദേശി രാജേഷ് ആണ് പിടിയിലായത്. ഭാര്യ പിണങ്ങിപ്പോകാൻ കാരണം അമ്മയാണെന്ന് ആരോപിച്ചായിരുന്നു ആക്രമണം.

കൊല്ലം: ഭാര്യയുടെ പിണക്കത്തിന് കാരണം അമ്മയാണെന്നാരോപിച്ച് മകൻ അമ്മയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചു. തൊടിയൂർ മുഴങ്ങോടി പുത്തൻപുരയിൽ വീട്ടിൽ രാജേഷ് (56) ആണ് അമ്മ സരസ്വതിയെ കൊലപ്പെടുത്താൻ ശ്രമിച്ചത്. പ്രതിയെ കരുനാഗപ്പള്ളി പൊലീസ് അറസ്റ്റു ചെയ്തു. പിടിയിലായത്.

രാജേഷിന്റെ ഭാര്യ പിണങ്ങിപ്പോകാൻ കാരണക്കാരി അമ്മയാണെന്ന് പറഞ്ഞ് കഴിഞ്ഞദിവസം രാജേഷ് വഴക്കുണ്ടാക്കുകയും തർക്കത്തിനിടെ വെട്ടുകത്തിയെടുത്ത് മാതാവായ സരസ്വതിയെ വെട്ടുകയുമായിരുന്നു. വലതു കയ്യിൽ വെട്ടേറ്റ സരസ്വതി ഓടി രക്ഷപ്പെടാൻ ശ്രമിച്ചതോടെ പിന്തുടർന്ന രാജേഷ് പിന്നെയും വെട്ടി. കൈയ്ക്കും മുഖത്തും വെട്ടേറ്റ മാതാവിനെ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അമ്മയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത കരുനാഗപ്പള്ളി പൊലീസ് രാജേഷിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പ്രതി തന്നെ നേരത്തെയും ഉപദ്രവിക്കാറുണ്ടെന്ന് അമ്മ മൊഴി നൽകിയിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. കരുനാഗപ്പള്ളി എസിപി സി ജോണിന്റെ നിർദേശപ്രകാരം കരുനാഗപ്പള്ളി എസ്എച്ച്ഒ പ്രവീൺ എസ് ബിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.