ബാലന്‍പിള്ള സിറ്റിയുടെ പേരിന്‍റെ കാരണക്കാരന് വിട; അന്ത്യം വാർദ്ധക്യസഹജമായ രോഗങ്ങളെ തുടർന്ന്

By Web TeamFirst Published May 26, 2021, 6:24 PM IST
Highlights

മേഖലയിലെ ആദ്യ കുടിയേറ്റക്കാരന്റെ പേരിൽ അറിയപ്പെട്ടിരുന്ന നാട്. 1957 ൽ ആലപ്പുഴയിൽ നിന്ന് ഹൈറേഞ്ചിലെത്തിയ ബാലൻപിള്ള ഇവിടെ ഒരു ചായക്കട തുടങ്ങി. അതിനെ ചുറ്റിപ്പറ്റിയാണ് പിന്നെ ആ നാട് വളർന്നത്

പേരിലെ കൌതുകം കൊണ്ട് ശ്രദ്ധയേമായ സ്ഥലമാണ് ഇടുക്കി നെടുങ്കണ്ടത്തിനടുത്തെ ബാലൻപിള്ള സിറ്റി. ആ സ്ഥലത്തിന് അങ്ങനെയൊരു പേരുവരാൻ കാരണക്കാരനായ ബാലൻപിള്ള ഇന്ന് രാവിലെ അന്തരിച്ചു. വാർദ്ധക്യസഹജമായ രോഗങ്ങളെ തുടർന്ന് ആലപ്പുഴയിലെ മകളുടെ വീട്ടിൽ വച്ചായിരുന്നു അന്ത്യം. ഒരിക്കലും മായ്ക്കാനാവത്ത തരത്തിൽ തന്റെ പേര് രേഖപ്പെടുത്തിയാണ് 96ആം വയസ്സിൽ ബാലൻപിള്ള വിടവാങ്ങുന്നത്.
 
കൌതുകകരമായ സ്ഥലപ്പേരുകൾകൊണ്ട് സമ്പന്നമായ ഇടുക്കിയിൽ, കൂട്ടത്തിൽ ഏറ്റവും പെരുമ ബാലൻപിള്ള സിറ്റിക്കാണ്. മേഖലയിലെ ആദ്യ കുടിയേറ്റക്കാരന്റെ പേരിൽ അറിയപ്പെട്ടിരുന്ന നാട്. 1957 ൽ ആലപ്പുഴയിൽ നിന്ന് ഹൈറേഞ്ചിലെത്തിയ ബാലൻപിള്ള ഇവിടെ ഒരു ചായക്കട തുടങ്ങി. അതിനെ ചുറ്റിപ്പറ്റിയാണ് പിന്നെ ആ നാട് വളർന്നത് . മൂന്ന് പതിറ്റാണ്ടിന്റെ ഹൈറേഞ്ച് ജീവിതത്തിന് ശേഷം 1988ൽ ബാലൻപിള്ള ആലപ്പുഴയിലേക്ക് മടങ്ങിപ്പോയി.

എന്നാൽ ഇടയ്ക്കൊക്കെ തന്റെ പേരിലുള്ള ഈ നാട്ടിലേക്ക് വരുമായിരുന്നു. ഏറ്റവും ഒടുവിൽ വന്നത് നാല് കൊല്ലം മുമ്പ് രാമക്കൽമേട് ഫെസ്റ്റിന്റെ ഭാഗമായി നാട് നൽകിയ ആദരമേറ്റുവാങ്ങാൻ. ലാൽ ജോസിന്റെ എൽസമ്മയെന്ന ആണ്കുട്ടി എന്ന ചിത്രത്തിൽ ജനാർദ്ദനന്റെ കഥാപാത്രത്തിനും സ്ഥലത്തിനും പ്രചോദനമായതും ബാലൻപിള്ളയും അദ്ദേഹത്തിന്റെ പേരിലുള്ള സിറ്റിയുമായിരുന്നു. 


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
 

click me!