ഉല്‍പ്പാദന ചെലവേറുമ്പോഴും പാലിന് വിലയില്ല; ഇടുക്കിയിലെ ക്ഷീരകര്‍ഷകര്‍ പ്രതിസന്ധിയില്‍

By Web TeamFirst Published May 26, 2021, 5:02 PM IST
Highlights

2020ലാണ് മില്‍മ അവസാനമായി പാല്‍ വില വര്‍ദ്ധിപ്പിച്ചത്. നിലവില്‍ ഏറ്റവും കൊഴുപ്പേറിയ പാലിന് ലഭിക്കുന്നത് മുപ്പത്തിയാറ് രൂപമാത്രമാണ്. കൊഴുപ്പ് കുറയുന്നതിന് അനുസരിച്ച് വിലയും കുറയും. എന്നാല്‍ ഏത് തരത്തിലുള്ള പാലും മില്‍മ പുറത്ത് വിറ്റഴിക്കുന്നത് ലിറ്ററിന്  നാല്‍പ്പത്തിയെട്ട് രൂപയ്ക്കാണ്.

ഇടുക്കിയിലെ ക്ഷീരകര്‍ഷകര്‍ പ്രതിസന്ധിയില്‍.  കാലിത്തീറ്റയുടെ വില വര്‍ദ്ധനവും ഉല്‍പ്പാദന ചെലവിന് ആനുപാതികമായി പാലിന് വില ലഭിക്കാത്തതുമാണ് ക്ഷീര കര്‍ഷകരെ വലയ്ക്കുന്നത്. ലിറ്ററിന് നാല്‍പ്പത്തിയെട്ട് രൂപ ഈടാക്കി ക്ഷീര സംഘങ്ങള്‍ പാല്‍ പുറത്ത് വില്‍ക്കുമ്പോള്‍ ഏറ്റവും കൊഴുപ്പുള്ള പാലിന്  കര്‍ഷകന് ലഭിക്കുന്നത് ലിറ്ററിന്  36 രൂപവരെ മാത്രമാണ്. മുമ്പ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വഴി ലഭിച്ചിരുന്ന ഇന്‍സെന്‍റീവും ഇപ്പോള്‍ കര്‍ഷകര്‍ക്ക് ലഭിക്കുന്നില്ല. പാല്‍ ഉല്‍പ്പാദനത്തെ മാത്രം ആശ്രയിച്ച് ഉപജീവന മാര്‍ഗ്ഗം കണ്ടെത്തുന്ന ആയിരക്കണക്കിന് കുടുംബങ്ങളാണ് ഇടുക്കിയില്‍ ഉള്ളത്.

എന്നാല്‍ നിലവില്‍ പശു പരിപാലനത്തിന് അനുദിനം ചെലവേറുമ്പോളും ഇതിന് ആനുപാതികമായ വില പാലിന് ലഭിക്കുന്നില്ല. അമ്പത് കിലോഗ്രാമിന്‍റെ ഒരു ചാക്ക് കാലിത്തീറ്റയ്ക്ക് ഇപ്പോള്‍ 1290 രൂപയാണ് വില. രണ്ട് പശുക്കളുണ്ടെങ്കില്‍ ഇത് ഒരാഴ്ചത്തേയ്ക്ക് തികയില്ല. ഇത്തവണ വേനല്‍ കടുത്ത രീതിയില്‍ അനുഭവപ്പെട്ടതിനാല്‍ തീറ്റപുല്‍ ക്ഷാമവും നേരിട്ടിരുന്നു. അതുകൊണ്ട് തന്നെ കച്ചിയും കാലിത്തീറ്റയും അടക്കം ചിലവ് മുന്‍ വര്‍ഷത്തേതില്‍ ഇരട്ടിയായി വര്‍ദ്ധിക്കുകയും ചെയ്തു. 2020ലാണ് മില്‍മ അവസാനമായി പാല്‍ വില വര്‍ദ്ധിപ്പിച്ചത്. നിലവില്‍ ഏറ്റവും കൊഴുപ്പേറിയ പാലിന് ലഭിക്കുന്നത് മുപ്പത്തിയാറ് രൂപമാത്രമാണ്. കൊഴുപ്പ് കുറയുന്നതിന് അനുസരിച്ച് വിലയും കുറയും. എന്നാല്‍ ഏത് തരത്തിലുള്ള പാലും മില്‍മ പുറത്ത് വിറ്റഴിക്കുന്നത് ലിറ്ററിന്  നാല്‍പ്പത്തിയെട്ട് രൂപയ്ക്കാണ്.  

പത്തുലിറ്റര്‍ പാല്‍ ഉല്‍പ്പാദിപ്പിക്കുന്നതിന് കര്‍ഷകന് മുന്നൂറ് രൂപയോളം മുതല്‍മുടക്കുണ്ട്. നിലവിലെ വിലവച്ച് കണക്ക് കൂട്ടിയാല്‍ ലഭിക്കുന്നത് മുന്നൂറ്റി അറുപത് രൂപയും ചെലവ് കുറച്ചാല്‍ പത്ത് ലിറ്റര്‍ പാല്‍ ഉല്‍പ്പാദിപ്പിച്ച് സഹകരണ സംഘങ്ങളില്‍ എത്തിക്കുമ്പോള്‍ കര്‍ഷകന് ലഭിക്കുന്നത് അറുപത് രൂപയും മാത്രമാണ്. ഇതോടെ നിരവധി കര്‍ഷകര്‍ ക്ഷീര മേഖലയെ ഉപേക്ഷിക്കുന്ന നിലയാണുള്ളത്. ഉല്‍പ്പാദന ചെലവിന് ആനുപാദികമായ വില ലഭ്യമാക്കുന്നതിനും മുന്പ് തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ വഴി കര്‍ഷകര്‍ക്ക് നല്‍കിയിരുന്ന ഇന്‍സെന്‍റീവ് തുടര്‍ന്ന് നല്‍കുന്നതിനും കടുത്ത് പ്രതിസന്ധി നേരിടുന്ന ഈ കൊവിഡ് കാലത്ത് ക്ഷീര കര്‍ഷകര്‍ക്കായി അടിയന്തിര സഹായം ലഭ്യമാക്കുന്നതിനും സര്‍ക്കാര്‍ ഇടപെടല്‍ ഉണ്ടാകണണെന്നാണ് ഇവരുടെ ആവശ്യം. ഇടുക്കിയിലെ ഹൈറേഞ്ച് മേഖലയില്‍ പലയിടത്തും മൃഗ ഡോക്ടര്‍ മാരുടെ സേവനംവേണ്ട രീതിയില്‍ ലഭിക്കാത്തതും കന്നുകുട്ടി പരിപാലനത്തിനും പ്രതിസന്ധി നേരിടുന്നതായും കര്‍ഷകര്‍ പറയുന്നു.


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
 

click me!