
ആലപ്പുഴ: കാക്കാഴം റെയിൽവെ മേൽപ്പാലത്തിലെ കുഴി അപകട ഭീഷണിയായിട്ടും തിരിഞ്ഞു നോക്കാതെ പൊതുമരാമത്ത് അധികൃതർ. ഏതാനും മാസം മുമ്പ് ചെറിയ രീതിയിൽ രൂപപ്പെട്ട കുഴി മഴ ശക്തമായതോടെ വലിയ ഗർത്തമായി മാറിയിരിക്കുകയാണ്. ഓരോ ദിവസം കഴിയും തോറും കുഴി വലുതാകുകയാണ്. രാത്രി കാലങ്ങളിൽ നിരവധി ഇരു ചക്ര വാഹനങ്ങളാണ് ഈ കുഴിയിൽ വീണ് അപകടത്തിൽപ്പെടുന്നത്.
അടുത്തെത്തുമ്പോൾ കുഴി കണ്ട് ഇരുചക്രവാഹനങ്ങൾ പെട്ടെന്ന് ബ്രേക്ക് പിടിക്കുന്നതും വെട്ടിക്കുന്നതും ദിവസവും അപകടത്തിന് കാരണമാകുകയാണ്. ഏതാനും മാസം മുമ്പാണ് ഇവിടെ കരാർ കമ്പനിയുടെ നേതൃത്വത്തിൽ അറ്റകുറ്റപ്പണി നടത്തിയത്. എന്നാൽ മഴ ശക്തമായതോടെ അറ്റകുറ്റപ്പണി പ്രയോജനമില്ലാതായി മാറി.
കുഴി ഈ രീതിയിൽ വലിയ അപകടങ്ങൾക്ക് വഴി തെളിക്കുമെന്ന് ആശങ്കയുയർന്നിട്ടും വകുപ്പ് അധികൃതർ തിരിഞ്ഞു നോക്കിയിട്ടില്ല. അടിയന്തിരമായി അറ്റകുറ്റപ്പണി നടത്തിയില്ലെങ്കിൽ മേൽപ്പാലം വലിയ അപകടത്തിന് സാക്ഷ്യം വഹിക്കുമെന്നും ആശങ്കയുയർന്നിട്ടുണ്ട്.