പനമരത്ത് മഴ കുറഞ്ഞു; വലിയ പുഴയുടെ തീരങ്ങളിൽ ആശങ്ക ഒഴിയുന്നു

By Web TeamFirst Published Jul 17, 2022, 12:53 PM IST
Highlights

ഉച്ചവരെ കാര്യമായ തരത്തിൽ മഴ പെയ്യാത്തതിനാൽ തന്നെ ഇന്നലെ വെള്ളം കയറിയ ഇടങ്ങളിൽ നിന്നെല്ലാം വെള്ളം ഇറങ്ങാൻ തുടങ്ങിയിട്ടുണ്ട്

കൽപ്പറ്റ: വെള്ളിയാഴ്ചയും ശനിയാഴ്ച ഉച്ച വരെയും പെയ്ത കനത്ത മഴയിൽ പനമരം വലിയ പുഴ ഇരുകരയും മുട്ടി നിറഞ്ഞൊഴുകിയതോടെ തീരങ്ങളിലുള്ളവർ ആശങ്കയിലായിരുന്നു. എന്നാൽ ഞായറാഴ്ച കാലാവസ്ഥയിൽ വലിയ മാറ്റം ഉണ്ടെന്ന് പ്രദേശവാസികൾ പറയുന്നു. ഉച്ചവരെ കാര്യമായ തരത്തിൽ മഴ പെയ്യാത്തതിനാൽ തന്നെ ഇന്നലെ വെള്ളം കയറിയ ഇടങ്ങളിൽ നിന്നെല്ലാം വെള്ളം ഇറങ്ങാൻ തുടങ്ങിയിട്ടുണ്ട്. 2018 ലും 19ലും വലിയ വെള്ളപ്പൊക്കമാണ് പനമരത്ത് ഉണ്ടായത്. അതിനാൽ തന്നെ മഴ ശക്തമായാൽ ജനങ്ങളിൽ ആശങ്കയും നിറയും.

ശനിയാഴ്ച മഴ ശക്തമായതിനെ തുടർന്ന് പനമരത്തെ കൂടുതൽ പ്രദേശങ്ങൾ വെള്ളത്തിനടിയിലായിരുന്നു. മാത്തൂർവയൽ, ആര്യന്നൂർ, കരിവാളം ഭാഗങ്ങളിലാണ് വെള്ളം കയറിയത്. ജലനിരപ്പ് ക്രമാതീതമായി ഉയരുന്നതോടെ പ്രദേശവാസികൾ ഭീതിയിലായിരുന്നു. എന്നാൽ ഞായറാഴ്ച ഈ പ്രദേശങ്ങളിൽ നിന്നെല്ലാം വെള്ളമിറങ്ങിയിട്ടുണ്ട്. വലിയ പുഴ നിറഞ്ഞ് ഒഴുകുന്ന പക്ഷം നിരവധി വീടുകൾക്കും കെട്ടിടങ്ങളും വെള്ളപ്പൊക്ക ഭീഷണിയുണ്ടാകും. പ്രളയഭീതി നിലനിൽക്കുന്നതിനാൽ മാത്തൂർപൊയിൽ കോളനി, നെല്ലാറാട്ട് കോളനി എന്നിവിടങ്ങളിലുള്ള 29 കുടുബങ്ങളെ പനമരം ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി പാർപ്പിച്ചിരിക്കുകയാണ്. 

അതേ സമയം കാലവര്‍ഷം ശക്തമാകുന്ന സാഹചര്യത്തില്‍ ജില്ലയിലെ ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് മുഴുവന്‍ വകുപ്പുകളുടെയും ഏകോപനവും പങ്കാളിത്തവും ഉറപ്പാക്കാന്‍ ജില്ലയുടെ ചുമതലയുള്ള മന്ത്രി എ.കെ ശശീന്ദ്രന്‍ നിര്‍ദ്ദേശം നല്‍കി. ജില്ലയിലെ കാലവര്‍ഷ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യുന്നതിനായി മന്ത്രിയുടെ അധ്യക്ഷതയില്‍ ഇന്നലെ യോഗം ചേർന്നിരുന്നു. 

ദുരിതാശ്വാസ ക്യാമ്പുകളിലെ ആരോഗ്യ ജാഗ്രത, ശുദ്ധജല ലഭ്യത, കോളനികളിൽ നിന്ന് മാറ്റിത്താമസിപ്പിച്ചവർക്ക് പ്രത്യേക കരുതൽ, തകരായ വൈദ്യുതി ബന്ധം പുന:സ്ഥാപിക്കൽ, റോഡ് കണക്റ്റിവിറ്റി തടസ്സങ്ങൾ നീക്കൽ, അപകടരമായ മരങ്ങൾ മുറിച്ചു മാറ്റൽ തുടങ്ങിയ കാര്യങ്ങളിൽ പ്രത്യേക ജാഗ്രത വേണമെന്ന് മന്ത്രി നിർദ്ദേശിച്ചു.

click me!