
കണ്ണൂര്‍: പരിയാരം കവർച്ച ഒളിവിൽ കഴിഞ്ഞിരുന്ന സംഘത്തലവനും കൂട്ടാളിയേയും അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. അന്തർ സംസ്ഥാന കവർച്ചാ സംഘത്തിന്റെ തലവൻ തമിഴ്നാട് നാമക്കൽ സ്വദേശി സുള്ളൻ സുരേഷ്, ഷെയ്ക്ക് അബ്‍ദുള്ള എന്നിവരാണ് അന്വേഷണ സംഘത്തിന്റെ പിടിയിലായത്. തമിഴ് നാട്ടിലെ ജോലാർപേട്ടിൽ നിന്നാണ് സുള്ളൻ സുരേഷിനെ പിടികൂടിയത്. ഇവിടെ ഒളിവിൽ കഴിഞ്ഞിരുന്ന സുരേഷ് മറ്റൊരു ഒളിസങ്കേതത്തിലേക്ക് മാറാൻ വേണ്ടി ജോലാർപെട്ട റെയിൽവെ സ്റ്റേഷനിലേക്ക് പോകുമ്പോഴാണ് പിടിയിലായത്.
ഷെയ്ക്ക് അബ്‍ദുള്ളയെ കോയമ്പത്തൂരിനടുത്ത ബസ് സ്റ്റാൻഡില്‍ നിന്നുമാണ് സിഐ നളിനാക്ഷന്‍റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. അന്വേഷണ സംഘത്തെ കണ്ട സുരേഷ് ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പിറകെ ഓടി കീഴടക്കുകയായിരുന്നു. സുള്ളൻ സുരേഷിനെയും ഷെയ്ക്ക് അബ്ദുള്ളയേയും ഇന്ന് രാവിലെ പരിയാരം സ്റ്റേഷനിൽ എത്തിച്ച് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. സുള്ളൻ സുരേഷിനെയും കൂട്ടാളിയേയും പിടികൂടിയ സംഘത്തിൽ സിഐ പി നളിനാക്ഷന് പുറമെ എഎസ്ഐ സയ്യിദ്, സീനിയർ പൊലീസ് ഓഫീസർമാരായ ഷിജോ അഗസ്റ്റിൻ, അഷറഫ്, നൗഫൽ അഞ്ചില്ലത്ത്, രജീഷ്, എന്നിവരും ഉണ്ടായിരുന്നു.
ശാസ്ത്രീയമായ അന്വേഷണത്തിലൂടെയാണ് ഇവരെ കണ്ടെത്തിയതും പിടകൂടിയതും. ഇതിനായി കണ്ണൂർ സൈബർ സെൽ എസ്ഐ യദുകൃഷ്ണനും, സീനിയർ സിവിൽ പോലീസ് ഓഫീസർ വിജേഷ് കുയിലൂരും സജീവ പങ്ക് വഹിച്ചു. മോഷണ മുതലുകളിൽ എട്ടു പവൻ സ്വർണ്ണവും മോഷ്ടാക്കൾ ഉപയോഗിച്ച വാഹനവും അന്വേഷണ സംഘം കണ്ടെടുത്തു. ഇവരെ പിടികൂടിയത് അറിഞ്ഞ് കവർച്ചകൾ നടന്ന സംസ്ഥാനത്തിനകത്തു നിന്നും പുറത്ത് നിന്നും നിരവധി പോലീസ് സ്റ്റേഷനുകളിൽ നിന്നും പരിയാരം പൊലീസിനെ ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണ്.
ഇവരെ കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്താൽ മാത്രമേ മറ്റ് കവർച്ചകളിൽ ഇവർക്ക് പങ്ക് ഉണ്ടോ എന്ന് തെളിയിക്കുവാനാകുമെന്നും അതിനാൽ ഇവരെ പോലീസ് കസ്റ്റഡിക്കായി കോടതിയിൽ അപേക്ഷ നൽകുമെന്നും സി ഐ പറഞ്ഞു. കഴിഞ്ഞ മാസം കവർച്ച സംഘത്തിലെ അംഗങ്ങളായ ജെറാൾഡ്, രഘു എന്നിവരെ ആന്ധ്ര പോലീസ് കഞ്ചാവ് കേസിൽ പിടികൂടി കവർച്ച അന്വേഷിക്കുന്ന അന്വേഷണ സംഘത്തിന് കൈമാറിയിരുന്നു. മറ്റൊരു പ്രതി സഞ്ജീവ് കുമാറിനെ അതിന് മുൻപ് തന്നെ അന്വേഷണ സ്ക്വാഡ് കോയമ്പത്തൂർ സുളൂരിരിൽ നിന്ന് പിടികൂടിയിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam