
മാനന്തവാടി: ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനടക്കം തിരച്ചിലിന് നേതൃത്വം നല്‍കിയിട്ടും 'പിടികൊടുക്കാത്ത' കുറുക്കന്‍മൂലയിലെ കടുവക്കായുള്ള തിരച്ചില്‍ നിര്‍ത്തി. കഴിഞ്ഞ പത്തുദിവസത്തിലധികമായി കുറുക്കന്‍മൂലയിലോ സമീപപ്രദേശങ്ങളിലോ കടുവ എത്തിയതായി സ്ഥീരികരിക്കാത്ത പശ്ചാത്തലത്തിലാണ് തിരച്ചില്‍ അവസാനിപ്പിക്കാന്‍ ഉത്തരമേഖലാ സി.സി.എഫ്. ഡി.കെ. വിനോദ് കുമാര്‍ ഉത്തരവിട്ടിരിക്കുന്നത്.
പത്ത് ദിവസമായി വളര്‍ത്തുമൃഗങ്ങളെ ആക്രമിച്ചെന്ന വിവരങ്ങളും ഇല്ല. ഈ സാഹചര്യത്തിലാണ് ഉദ്യോഗസ്ഥരോട് പ്രദേശത്ത് നിന്ന് മടങ്ങാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. അഞ്ചു കിലോമീറ്റര്‍ ചുറ്റളവില്‍ സ്ഥാപിച്ച 70 ക്യാമറകളില്‍ കടുവയുടെ ദൃശ്യങ്ങള്‍ പതിയുകയോ സാന്നിധ്യം സ്ഥിരീകരിക്കുന്ന സൂചനകളോ ലഭിക്കാത്ത സാഹചര്യത്തില്‍ കടുവ കാട് കയറിയിട്ടുണ്ടെന്ന സംശയം ബലപ്പെടുകയാണ്.
മാത്രമല്ല പ്രദേശത്ത് സ്ഥാപിച്ച കൂടുകള്‍ മറ്റു കടുവകളെയോ പുലിയേയോ ആകര്‍ഷിക്കാന്‍ സാധ്യതയുള്ളതിനാല്‍ ഉടന്‍തന്നെ മാറ്റാനും ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ നിര്‍ദേശിച്ചിട്ടുണ്ട്. തിരച്ചിലില്‍ പങ്കെടുത്ത ജീവനക്കാരെ കാട്ടുതീ പ്രതിരോധമുള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ക്കായി നിയോഗിക്കാനാണ് തീരുമാനം.
എന്നാല്‍ ക്യാമറ നിരീക്ഷണം കുറച്ചുദിവസം കൂടി തുടരും. തിരച്ചില്‍ അവസാനിപ്പിച്ചതുമായി ബന്ധപ്പെട്ട മറ്റു കാര്യങ്ങള്‍ നിരീക്ഷണസമിതി യോഗം ചേര്‍ന്നാണ് തീരുമാനിച്ചത്. കഴിഞ്ഞ 18-ന് ബേഗൂര്‍ വനമേഖലയില്‍ കാട്ടിക്കുളം ഭാഗത്താണ് ഏറ്റവും അവസാനം കഴുത്തില്‍ മുറിവേറ്റ നിലയിലുള്ള കടുവയുടെ സാന്നിധ്യം വനംവകുപ്പ് സ്ഥിരീകരിച്ചത്. അന്ന് കടുവ കാട്ടിലൂടെ നടന്നുപോയതിന്റെയും കിടന്നതിന്റെയും പാടുകള്‍ കണ്ടെത്തിയിരുന്നു. നവംബര്‍ 28 മുതലാണ് കുറുക്കന്‍മൂലയിലും പരിസരപ്രദേശങ്ങളിലും കടുവയുടെ ആക്രമണം നിത്യസംഭവമായത്. 30 ദിവസത്തിനിടെ 17 വളര്‍ത്തുമൃഗങ്ങളെയാണ് കടുവ കൊന്നത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam