വാക്‌സീന്‍ നയത്തിനെതിരെ സമരം ചെയ്ത സിപിഐ നേതാവിന്റെ കട അടിച്ചു തകര്‍ത്തു

By Web TeamFirst Published Apr 30, 2021, 10:59 AM IST
Highlights

ക്ഷേത്രത്തിന് സമീപമുള്ള കടയില്‍ സമരം നടത്തിയതിനെ ബിജെപി പ്രവര്‍ത്തകര്‍ ചോദ്യം ചെയ്തിരുന്നു. ഇതിന് ശേഷമാണ് രാത്രിയില്‍ ബൈക്കിലെത്തിയ രണ്ട് പേര്‍ കട അടിച്ചു തകര്‍ത്തത്.
 

ചേര്‍ത്തല: കണ്ടമംഗലം ക്ഷേത്രത്തിന് സമീപം സ്റ്റേഷനറി കട സാമൂഹ്യ വിരുദ്ധര്‍ അടിച്ചു തകര്‍ത്തു. കടക്കരപ്പള്ളി പൊള്ളയില്‍ പി ഡി ഗഗാറിന്റെ ഉടമസ്ഥതയിലുള്ള സ്റ്റേഷനറി കടയാണ് ബുധനാഴ്ച രാത്രി 9.തകര്‍ത്തത്. സിപിഐ മണ്ഡലം കമ്മറ്റി അംഗവും കടക്കരപ്പള്ളി ഗ്രാമപഞ്ചായത്തംഗവും കണ്ടമംഗലം ക്ഷേത്രം പ്രസിഡന്റുമായ ഗഗാറിന്‍ സൗജന്യ വാക്‌സിന്‍ നിഷേധിക്കുന്ന കേന്ദ്രസര്‍ക്കാര്‍ നിലപാടിനെതിരെ സിപിഐ ജില്ലാ കമ്മിറ്റി ആഹ്വാനം അനുസരിച്ച് കടയ്ക്ക് മുന്നില്‍ സത്യാഗ്രഹസമരം നടത്തുകയും അതിന്റെ ചിത്രം സോഷ്യല്‍ മീഡിയായില്‍ പങ്കുവയ്ക്കുകയും ചെയ്തു. 

എന്നാല്‍ ക്ഷേത്രത്തിന് സമീപമുള്ള കടയില്‍ സമരം നടത്തിയതിനെ ബിജെപി പ്രവര്‍ത്തകര്‍ ചോദ്യം ചെയ്തിരുന്നു. ഇതിന് ശേഷമാണ് രാത്രിയില്‍ ബൈക്കിലെത്തിയ രണ്ട് പേര്‍ കട അടിച്ചു തകര്‍ത്തത്. 30,000 രൂപയോളം നഷ്ടം വന്നതായി ഗഗാറിന്‍ പറഞ്ഞു. സമീപ വ്യാപാര സ്ഥാപനങ്ങളിലെയും വീടുകളിലെയും സി സി ടി വി കാമറകള്‍ പരിശോധിച്ച് അക്രമികളെ കണ്ടെത്തുമെന്ന് പട്ടണക്കാട് പൊലീസ് പറഞ്ഞു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!