
ആലപ്പുഴ: വൈദ്യുതി ബില്ല് അടയ്ക്കാത്തതിനാൽ വീട്ടിലെ വൈദ്യുതി വിച്ഛേദിച്ചിട്ട് മാസങ്ങളായെന്ന് കളക്ടർക്ക് പരാതിയായി കത്തെഴുതിയ വിദ്യാർഥിക്ക് വൈദ്യൂതി പുനസ്ഥാപിച്ചു നൽകി ജില്ല കളക്ടർ. മാവേലിക്കര അറുന്നൂറ്റിമംഗലം സ്വദേശിയായ അർജുൻ കൃഷ്ണയെന്ന മൂന്നാം ക്ലാസുകാരനാണ് തന്റെ ബുദ്ധിമുട്ടുകൾ വിവരിച്ച് കളക്ടർക്ക് കത്തെഴുതിയത്. മാസങ്ങളായി വീട്ടിൽ കറണ്ട് ഇല്ലാത്തതിനാൽ മെഴുക് തിരി വെട്ടത്തിലാണ് അർജ്ജുനും കുടുംബവും കഴിയുന്നത്. വീട്ടിലിരുന്ന് പഠിക്കാൻ പോലും സാധിക്കുന്നില്ലെന്നും കത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു.
ബുധനാഴ്ചയാണ് ജില്ല കളക്ടർ വി.ആർ. കൃഷ്ണ തേജയ്ക്ക് കത്ത് ലഭിച്ചത്. ഉടനെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി സംസാരിക്കുകയും കെ.എസ്.ഇ.ബി.യിലേക്ക് അടയ്ക്കാനുണ്ടായിരുന്ന പണമടച്ച് വൈദ്യുതി കണക്ഷൻ പുനഃസ്ഥാപിച്ച് നൽകുകയുമായിരുന്നു. വ്യാഴാഴ്ച മാവേലിക്കരയിലെ അർജുൻ കൃഷ്ണയുടെ വീട് കളക്ടർ സന്ദർശിച്ചു. വീട്ടിൽ എട്ട് വർഷമായി ടി.വി. ഇല്ലെന്നും കത്തിൽ എഴുതിയിരുന്നു. അർജുൻ കൃഷ്ണയ്ക്ക് സമ്മാനമായി ടി.വിയും നൽകിയാണ് കളക്ടർ മടങ്ങിയത്. നിർധന കുടുംബാംഗമായ അർജുന് പഠിക്കാനുള്ള സൗകര്യങ്ങൾ ചെയ്തുകൊടുക്കാമെന്നും പുതിയ യൂണിഫോം വാങ്ങി നൽകാമെന്നും ഉറപ്പ് നൽകിയാണ് കളക്ടർ മടങ്ങിയത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam