സ്വർണ്ണതിളക്കമുള്ള സത്യസന്ധതക്ക് നൂറിൽ നൂറ് മാർക്ക്; കളഞ്ഞുകിട്ടിയ ചെയിൻ ഉടമക്ക് തിരികെ നൽകി വിദ്യാർത്ഥികൾ

By Web TeamFirst Published Feb 5, 2023, 12:55 PM IST
Highlights

സ്കൂളിലെ തന്നെ അധ്യാപികയായ ദീപാ ജേക്കബിന്റെതായിരുന്നു സ്വർണ ചെയിൻ.

ഇടുക്കി: കളഞ്ഞു കിട്ടിയ സ്വർണചെയിൻ തിരികെ നൽകി മാതൃകയായി വിദ്യാർഥികൾ. മുണ്ടക്കയം മുപ്പത്തിനാലാംമൈൽ സെന്റ് ആന്റണീസ് ഹൈസ്കൂളിലെ വിദ്യാർഥികളാണ് കളഞ്ഞു കിട്ടിയ സ്വർണ ചെയിനുമായി മുണ്ടക്കയം പൊലീസ് സ്റ്റേഷനിൽ എത്തിയത്. പത്താം ക്ലാസ് വിദ്യാർഥികളായ ജോർജി ടി. ബിനോയി, അഭിഷേക് പി. ബിജു, എൽവിൻ ആഷ്ലി, ജോയൽ ജോഷി  എന്നിവരാണ് സത്യസന്ധതക്ക് നൂറിൽ നൂറ് മാർക്കും നേടി ശ്രദ്ധേയരായിരിക്കുന്നത്.സ്കൂളിലെ തന്നെ അധ്യാപികയായ ദീപാ ജേക്കബിന്റെതായിരുന്നു സ്വർണ ചെയിൻ.

സ്കൂൾ വിട്ട് മുണ്ടക്കയത്തേക്കു മടങ്ങി വരുംവഴിയാണ് ഈ വിദ്യാർഥികൾക്ക് കല്ലേപാലത്തിൽ വച്ച് സ്വർണ്ണ ചെയിൻ കളഞ്ഞു കിട്ടുന്നത്. മുക്കുപണ്ടമാണെന്നു കരുതി ആദ്യം വലിച്ചെറിയാൻ  മുതിർന്നെങ്കിലും പിന്നീട് സ്വർണമാണോയെന്ന് മറ്റുള്ളവരുടെ ചോദിച്ചു. സ്വർണമാണെന്നു മനസിലായതോടെ പിന്നെ ഒട്ടും വൈകിയില്ല. നേരെ മുണ്ടക്കയം പൊലീസ് സ്റ്റേഷനിലേക്ക്. ഒടുവിൽ സ്വർണചെയിൻ വിദ്യാർത്ഥികൾ പഠിക്കുന്ന സ്കൂളിലെ തന്നെ യുപി വിഭാഗം അധ്യാപികയായ  ദീപാ ജേക്കബിന്റേതാണെന്ന് കണ്ടെത്തി.

വഴിയിൽ ചെയിൻ നഷ്ടപ്പെട്ടെന്നു കാണിച്ച് അധ്യാപിക തലേദിവസം  പൊലീസിൽ പരാതി നൽകിയിരുന്നു. കുട്ടികൾക്ക് ചെയിൻ തിരികെ നൽകാൻ കഴിഞ്ഞതിന്റെ സന്തോഷം മാത്രമാണെങ്കിൽ അധ്യാപികയ്ക്ക്  ഇരട്ടി സന്തോഷമാണ്. അധ്യാപികയായി ജോലി ചെയ്യുന്ന സ്കൂളിലെ വിദ്യാർഥികളുടെ ഈ സത്യസന്ധത തന്നെയാണ് തിരികെ കിട്ടിയതിലും വലിയ സമ്പത്ത്.

വിവാഹ നിശ്ചയത്തിന് പിന്നാലെ അടുത്ത സന്തോഷം പങ്കുവച്ച് ശ്രീവിദ്യ മുല്ലച്ചേരി

click me!