
തിരുവനന്തപുരം: ഒന്നര വയസ്സിൽ നാടിനും വീടിനും അഭിമാനമായി മാധവ് വിവേക്. പിച്ചവെച്ചു നടക്കാൻ തുടങ്ങുന്ന പ്രായത്തിൽ തന്നെ ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ നടന്നു കയറിയിരിക്കുകയാണ് ഈ കൊച്ചു മിടുക്കൻ. ചിറയിൻകീഴ് ശാർക്കര പവിത്രത്തിൽ അധ്യാപകരായ വിവേക്, ശ്രീരമ ദമ്പതികളുടെ മകനാണ് 'കണ്ണൻ' എന്ന് വിളിക്കുന്ന മാധവ്.
ആഘോഷങ്ങൾ, വാഹനങ്ങൾ, മൃഗങ്ങൾ, ശരീര ഭാഗങ്ങൾ, പൂക്കൾ, ഇംഗ്ലീഷ് അക്ഷരമാല എന്നിവ അടങ്ങിയ 201 വസ്തുക്കൾ തിരിച്ചറിയുന്നതിലൂടെയാണ് മാധവ് ഇന്ത്യ ബുക്ക്സ് ഓഫ് റെക്കോർഡ്സിൽ ഇടം നേടിയത്. ഒരു വയസും ആറുമാസം പ്രായവും ഉള്ളപ്പോൾ ആണ് മാധവ് ഈ നേട്ടം കൈവരിച്ചിരിക്കുന്നത്. ജനിച്ച് ആറു മാസം പ്രായം പിന്നിടുമ്പോൾ തന്നെ മാധവിന് പുസ്‌തകങ്ങളോടും ചിത്രങ്ങളോടും അതിയായ താല്പര്യം ഉണ്ടായിരുന്നു എന്ന് മാതാപിതാക്കൾ പറയുന്നു.
Read More: ചാഞ്ചാടിയില്ല മനസ്സ്; വീണുകിട്ടിയ 10 പവൻ സ്വർണവും പണവും ഉടമക്ക് തിരികെ നൽകി വീട്ടമ്മ
കുഞ്ഞിന്റെ കഴിവ് മനസിലാക്കിയ അമ്മ ശ്രീരമ ആണ് കുഞ്ഞിനെ ഓരോന്നായി പഠിപ്പിച്ചു തുടങ്ങിയത്. എന്നാൽ അതൊരിക്കലും ഇത്തരമൊരു റെക്കോർഡ് നേട്ടത്തിലേക്ക് എത്തിക്കുമെന്ന് ഇവർ കരുതിയില്ല. ഒരു വട്ടം ഒരു പാട്ട് കേട്ടാൽ അത് വീണ്ടും കേൾക്കുമ്പോൾ അതിലെ വരികൾക്ക് ഒപ്പം പാടുകയും മൃദംഗത്തിൽ താളം പിടിക്കുകയും ചെയ്യും ഈ മിടുക്കൻ. കുട്ടിയുടെ കഴിവ് തിരിച്ചറിഞ്ഞ മാതാപിതാക്കൾ കുട്ടിയുടെ വീഡിയോ ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിലേക്ക് അയച്ചു കൊടുക്കുകയായിരുന്നു. മുസലിയാർ എഞ്ചിനീയറിംഗ് കോളേജിലെ അസിസ്റ്റന്റ് പ്രൊഫസർ വിവേകിന്റെയും കരവാരം വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിലെ അദ്ധ്യാപികയായ ശ്രീരമയുടെയും മകനാണ് മാധവ്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam