
കോഴിക്കോട്: ലഹരി മരുന്നു പരിശോധനയ്ക്ക് എത്തിയ എക്സൈസ് ഉദ്യോഗസ്ഥർക്ക് നേരെ പ്രതിയുടെ പരാക്രമം. കോഴിക്കോട് കൊയിലാണ്ടിയിലാണ് പ്രതി എക്സൈസ് ഉദ്യോഗസ്ഥരെ ആക്രമിച്ച് സ്വന്തം കൈ ഞരമ്പ് മുറിച്ചത്. കൊയിലാണ്ടി പെരുവട്ടൂരിൽ മൊയ്തീൻ എന്നയാളാണ് എക്സൈസ് ഉദ്യോഗസ്ഥരെ ആക്രമിച്ചത്. ഇയാളുടെ പക്കൽ നിന്ന് ഹാൻസും കഞ്ചാവും എക്സൈസ് സംഘം കണ്ടെടുത്തു. ഇയാളുടെ താമസ സ്ഥലത്ത് എത്തിയ എക്സൈസ് സംഘത്തിലെ സിവിൽ എക്സൈസ് ഓഫീസർ മാരായ രതീഷ് എ.കെ, ഷിജു ടി. രാകേഷ്ബാബു എന്നിവർക്കാണ് ആക്രമണത്തിൽ പരിക്കേറ്റത്. മൂന്ന് ഉദ്യോഗസ്ഥരെയും പ്രതിയെയും കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല.
തൊടുപുഴയിൽ പോലീസുകാരന് നേരെ പോക്സോ കേസ് പ്രതിയുടെ അക്രമം. 15 കാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതി അഭിജിത്താണ് പോലീസിനെ ആക്രമിച്ചത്. റിമാൻഡ് ചെയ്തശേഷം ജയിലിലേക്ക് കൊണ്ടു പോകുന്നതിനിടെ ഭക്ഷണം കഴിക്കുന്നതിനായി കൈവിലങ്ങ് അഴിച്ചപ്പോഴായിരുന്നു പ്രതിയുടെ ആക്രമം. മുഖത്തിനേറ്റ മർദ്ദനത്തിൽ പോലീസുകാരന്റെ പല്ലൊടിഞ്ഞു. പൊലീസുകാരനെ അടിച്ചുവീഴ്ത്തി രക്ഷപ്പെടാനായിരുനനു അഭിജിത്തിന്റെ ശ്രമം. എന്നാൽ മറ്റ് പൊലീസുകാർ അഭിജിതിനെ പിടികൂടി. പോലീസിനെ ആക്രമിച്ചതിന് അഭിജിത്തിനെതിരെ മറ്റൊരു കേസ് കൂടി രജിസ്റ്റർ ചെയ്തു. ഇന്നലെയാണ് അതിജീവിതയായ പെൺകുട്ടിയുടെ മൊഴി പ്രകാരം അഭിജിത്തിനെയും സുഹൃത്ത് സനീഷിനെയും പൊലീസ് പിടികൂടിയത്. പ്രതികളെ റിമാന്റ് ചെയ്തു.