പുന്നപ്രയിലെ യാത്രാ ദുരിതത്തിന് വർഷങ്ങളുടെ പഴക്കം; പരിഹാരം കാണാതെ അധികൃതർ

By Web TeamFirst Published Jul 5, 2020, 10:32 PM IST
Highlights

യാത്ര ചെയ്യാനുള്ള ബുദ്ധിമുട്ടുകാരണം അത്യാവശ്യ കാര്യങ്ങൾക്കു പോലും പുറത്തിറങ്ങാൻ നാട്ടുകാർക്ക് കഴിയാറില്ല. കൊവിഡ് കാലമായിട്ടും പ്രദേശത്തെ ഈ ദുരവസ്ഥക്ക് പരിഹാരം കാണാൻ പഞ്ചായത്ത് ഉൾപ്പെടെയുള്ള അധികൃതർ തയ്യാറായിട്ടില്ലെന്നാണ് നാട്ടുകാരുടെ പരാതി. 

അമ്പലപ്പുഴ: പുന്നപ്ര തെക്ക് ഗ്രാമ പഞ്ചായത്ത് ആറാം വാർഡ് പുന്നപ്ര കിഴക്ക് നിരവധി വീട്ടുകാർ വർഷങ്ങളായി നടക്കാൻ വഴിയില്ലാതെ ദുരിതമനുഭവിക്കുകയാണ്. വീടിന് പുറത്തിറങ്ങിയാൽ മുട്ടറ്റം വെള്ളത്തിൽ നീന്തണം. ഇവിടെ റോഡിൽ നിന്ന് കിഴക്കോട്ടായി എട്ടടി വീതിയിൽ വഴിയനുവദിച്ചിട്ടുണ്ട്. എന്നാൽ ഈ ഭാഗം ചെളിയും വെള്ളവും നിറഞ്ഞു കിടക്കുകയാണ്. 

ഇതു മൂലം മഴ കനത്തതോടെ കാടു പിടിച്ചു കിടക്കുന്ന ഈ ഭാഗത്തുകൂടിയാണ് നാട്ടുകാരുടെ യാത്ര. ചെളിയിലും മാലിന്യം നിറഞ്ഞ വെള്ളത്തിലൂടെയുമുള്ള ഈ യാത്ര മൂലം പകർച്ച വ്യാധികൾ പടരുമെന്ന ആശങ്കയാണ് നാട്ടുകാർക്കുള്ളത്. തങ്ങളുടെ യാത്രാ ദുരിതത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് ഇവർ മുട്ടാത്ത വാതിലുകളില്ല. എന്നാൽ വർഷങ്ങൾ കഴിഞ്ഞിട്ടും ഇതിന് പരിഹാരമായിട്ടില്ല. 

യാത്ര ചെയ്യാനുള്ള ബുദ്ധിമുട്ടുകാരണം അത്യാവശ്യ കാര്യങ്ങൾക്കു പോലും പുറത്തിറങ്ങാൻ നാട്ടുകാർക്ക് കഴിയാറില്ല. കൊവിഡ് കാലമായിട്ടും പ്രദേശത്തെ ഈ ദുരവസ്ഥക്ക് പരിഹാരം കാണാൻ പഞ്ചായത്ത് ഉൾപ്പെടെയുള്ള അധികൃതർ തയ്യാറായിട്ടില്ലെന്നാണ് നാട്ടുകാരുടെ പരാതി. യാത്രാ ദുരിതത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് ജില്ലാ കളക്ടർക്ക് പരാതി നൽകിയതായും പ്രദേശവാസികൾ പറഞ്ഞു.

click me!