
ഹരിപ്പാട്: കിണറിലെ വെള്ളം പതഞ്ഞുപൊങ്ങിയത് വീട്ടുകാരെ ആശങ്കയിലാക്കി. വെട്ടുവേനി നന്ദനത്തിൽ മുരളീധരൻ പിളളയുടെ വീടിന് മുൻവശത്തുള്ള ശുദ്ധജല കിണറ്റിലാണ് ഇങ്ങനെ ഒരു പ്രതിഭാസം കണ്ടത്. ഇന്ന് രാവിലെ കിണറ്റിലെ വെള്ളം കോരുന്നതിനായി മുരളീധരൻപിള്ള തൊട്ടി കിണറ്റിലിട്ടുപ്പാഴാണ് കിണർ നിറയെ ചെളി ആകൃതിയിലുള്ള വെളുത്ത പത കണ്ടത്.
പിന്നീട് വെള്ളം കലക്കിയപ്പോൾ പത മാറിയെങ്കിലും രണ്ടു മണിക്കൂറിന് ശേഷം വെളളം വീണ്ടും പതഞ്ഞു പൊങ്ങി. തൊട്ടിയിൽ ശേഖരിച്ചപത സ്പോഞ്ച് രൂപത്തിലാണ്. സംഭവം അറിഞ്ഞ് നാട്ടുകാരും എത്തിയതോടെ ഫയർഫോഴ്സിൽ വിവരം അറിയിച്ചു.
കിണറിന്റെ തൊടി പൊട്ടി വെളളവും മണ്ണും ശക്തമായി കിണറിന്റെ ഉൾവശത്തേക്ക് എത്തിയതാകാം ചെളി ആകൃതിയിൽ വെള്ളം പതഞ്ഞുപൊങ്ങാൻ കാരണമെന്ന് ഫയർഫോഴ്സ് അധികൃതർ പറഞ്ഞു