
കോഴിക്കോട്: സാമ്പത്തിക അഭിവൃദ്ധിക്കായി നടത്തിയ പൂജയുടെ മറവിൽ വാങ്ങിയ പണം തിരികെ കിട്ടാന്‍ പൂജാരിയെയും സഹായിയേയും തടവിലാക്കിയ യുവാവ് അറസ്റ്റിൽ. കരിപ്പൂര്‍ സ്വദേശി കളത്തിങ്ങല്‍ ജാഫറലിയാണ് അറസ്റ്റിലായത്. സേലം സ്വദേശിയായ പൂജാരിയേയും സഹായിയേയും കഴിഞ്ഞ ദിവസം പൊലീസ് മോചിപ്പിച്ചിരുന്നു. കൊണ്ടോട്ടിയിലെ കന്നുകാലി കച്ചവടക്കാരനായ ജാഫറലി സുഹൃത്ത് വഴിയാണ് സേലം സ്വദേശിയായ പൂജാരിയെ പരിചയപ്പെടുന്നത്.
വീട്ടില്‍ പൂജ നടത്തിയാല്‍ സാമ്പത്തിക അഭിവൃദ്ധിയുണ്ടാകുമെന്ന് ജാഫറലിയെ പൂജാരി വിശ്വസിപ്പിച്ചു. ജനുവരിയില്‍ കൊണ്ടോട്ടിയിലെത്തിയ പൂജാരി ജാഫറലിയുടെ വീട്ടിലും കന്നുകാലി തൊഴുത്തിലും പൂജ നടത്തി. ലക്ഷങ്ങളാണ് പൂജ നടത്താനായി ഇയാള്‍ വാങ്ങിയിരുന്നത്. പല വട്ടം പൂജ നടത്തിയിട്ടും കടം കൂടിയതല്ലാതെ സാമ്പത്തികമായി ഒരു മെച്ചവുമുണ്ടായില്ല.
ഇതോടെയാണ് കബളിപ്പിക്കപ്പെട്ടെന്ന് ജാഫറലിക്ക് മനസിലായത്. പൂജ നടത്താനെന്ന് പറഞ്ഞ് കഴിഞ്ഞ വെള്ളിയാഴ്ച കൊണ്ടോട്ടിയിലേക്ക് വിളിച്ചു വരുത്തിയ ശേഷം പൂജാരിയേയും സഹായിയേയും ജാഫറലി തടവിലാക്കി. പൂജ നടത്താനെന്ന പേരില്‍ പല തവണയായി വാങ്ങിയ എട്ടു ലക്ഷത്തോളം രൂപ തിരികെ കിട്ടിയാല്‍ ഇയാളെ മോചിപ്പിക്കാമെന്ന് സേലത്തുള്ള ഭാര്യയെ വിളിച്ചറിയിച്ചു.
പിന്നാലെ ഭാര്യ മലപ്പുറം എസ് പിക്ക് നല്‍കിയ പരാതി നൽകുകയായിരുന്നു. ഇതോടെ പൊലീസെത്തി പിറ്റേ ദിവസം തന്നെ പൂജാരിയേയും സഹായിയേയും മോചിപ്പിച്ചു. ഒളിവിലായിരുന്ന ജാഫറലിയെ കരിപ്പൂര്‍ പൊലീസാണ് അറസ്റ്റ് ചെയ്തത്. ജാഫറലിയുടെ സഹായികളായ രണ്ടു പേര്‍ കൂടി പിടിയിലാകാനുണ്ടെന്ന് പൊലീസ് പറഞ്ഞു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam