
പാലക്കാട്: പാലക്കാട് കൂടല്ലൂരിൽ അടഞ്ഞ് കിടന്ന വീട്ടിൽ മോഷണം. മുണ്ടൻവളപ്പിൽ മൊയ്തീൻ കുട്ടിയുടെ വീട്ടിലാണ് കള്ളൻ കയറിയത്. അലമാരകളെല്ലാം പണിപ്പെട്ട് കുത്തിത്തുറന്നെങ്കിലും മോഷ്ടാവിന് ലഭിച്ചത് രണ്ടായിരം രൂപ മാത്രമാണ്. പ്രവാസിയാണ് കൂടല്ലൂ൪ സ്വദേശി മൊയ്തീൻ കുട്ടി കുടുംബവുമൊത്ത് ഗൾഫിൽ തന്നെയാണ് താമസം. കൂമൻതോട് പാലത്തിന് സമീപത്തെ വീട് അടച്ചിട്ടിരിക്കുകയായിരുന്നു. ആഴ്ചതോറും ബന്ധുക്കളെത്തി വീട് വൃത്തിയാക്കും.
പതിവു പോലെ ഒരാഴ്ച മുമ്പാണ് ബന്ധുക്കൾ വീട് വൃത്തിയാക്കി പൂട്ടിപ്പോയത്. ഇന്നലെ ബന്ധുക്കളെത്തിയപ്പോയാണ് വീട് കുത്തിത്തുറന്ന നിലയിൽ കണ്ടത്. വീടിനോട് ചേർന്ന് നിൽക്കുന്ന മരത്തിലൂടെ വലിഞ്ഞ് കയറിയാണ് കള്ളൻ വീടിന്‍റെ രണ്ടാം നിലയിലെത്തിയത്. പിന്നീട് മുകൾനിലയുടെ വാതിൽ തകർത്താണ് മോഷ്ടാവ് അകത്തുകടന്നത്. ഷെൽഫുകളും അലമാരകളുമെല്ലാം കള്ളൻ കുത്തിത്തുറന്നു.
വീട് പൂ൪ണമായും അരിച്ചു പെറുക്കിയെങ്കിലും വിലപിടിപ്പുള്ളതൊന്നും കള്ളന് കിട്ടിയില്ല. അടച്ചിട്ട വീടായതിനാൽ വിലപിടിപ്പുള്ള വസ്തുക്കളൊന്നും ഉടമ അവിടെ കരുതിയിരുന്നില്ലെന്ന് പൊലീസ് പറഞ്ഞു. ഒടുവിൽ സിറ്റൌട്ടിൽ സൂക്ഷിച്ചിരുന്ന കുട്ടികളുടെ പണക്കുറ്റി രണ്ടും പൊട്ടിച്ച് അതിലുണ്ടായിരുന്ന രണ്ടായിരത്തോളം രൂപയുമായാണ് കള്ളൻ സ്ഥലം വിട്ടത്. ബന്ധുക്കളുടെ പരാതിയിൽ തൃത്താല പൊലീസ് അന്വേഷണം ആരംഭിച്ചു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam