
കണ്ണൂർ: കണ്ണൂർ കാങ്കോൽ ശിവക്ഷേത്രത്തിൽ ഭണ്ഡാരം തകർത്ത് കവർച്ച. ക്ഷേത്രഗോപുരത്തിനോട് ചേർന്നുള്ള അരയാൽ തറയിൽ സ്ഥാപിച്ച സ്റ്റീൽ ഭണ്ഡാരമാണ് കവർന്നത്. മോഷ്ടാവിന്റെ ദൃശ്യങ്ങൾ നിരീക്ഷണ ക്യാമറയിൽ പതിഞ്ഞു. സംഭവത്തില്‍ പെരിങ്ങോം പൊലീസ് അന്വേഷണം തുടങ്ങി.
ശനിയാഴ്ച്ച രാത്രി എട്ടിനും പത്തിനുമിടയിലാണ് കള്ളൻ ക്ഷേത്രത്തിലെത്തിയത്. മുഖം മൂടാതെ യാതൊരു കൂസലുമില്ലാതെ അരയാൽ തറയുടെ അരികിലേക്ക് എത്തിയ കള്ളന്‍ ഇവിടെ സ്ഥാപിച്ച സ്റ്റീൽ ഭണ്ഡാരം തകർത്തു. തകർത്ത ഭണ്ഡാരത്തിൽ നിന്ന് നോട്ടുകൾ മാത്രം പെറുക്കിയെടുത്ത് മടങ്ങി. ചില്ലറയും പത്തിന്റെയും ഇരുപതിന്റേയും നോട്ടുകൾ ഭണ്ഡാരത്തിൽ ബാക്കിയാക്കി. തകർത്ത ഭണ്ഡാരം ക്ഷേത്ര വഴിപാട് കൗണ്ടറിൻ്റെ സമീപം ഉപേക്ഷിച്ചു മടങ്ങി. കവർച്ചയുടെ ദൃശ്യങ്ങൾ ക്ഷേത്രവളപ്പിൽ സ്ഥാപിച്ച സിസിടിവിയിൽ കൃത്യമായി പതിഞ്ഞു. കുട്ടികള്ളനാണ് മോഷണം നടത്തിയതെന്നാണ് നിഗമനം.
ക്ഷേത്രത്തിന് സമീപം ശനിയാഴ്ച്ച സെവൻസ് ഫുട്ബോൾ മത്സരങ്ങൾ നടക്കുന്നുണ്ടായിരുന്നു. ഇതിനെത്തിയതോ നാട്ടുകാരനോ ആകാം പ്രതിയെന്നാണ് സൂചന. ഏറെ നാളായി പരിശോധിക്കാത്തതിനാൽ എത്ര രൂപ നഷ്ടപ്പെട്ടുവെന്നതിൽ ഭരണസമിതിക്ക് കണക്കില്ല. ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസറുടെ പരാതിയിൽ പെരിങ്ങോം പൊലീസ് അന്വേഷണം തുടങ്ങി.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam