ബൈക്കിലെത്തി മുളക്പൊടി വിതറി മാല മോഷണ ശ്രമം

By Web TeamFirst Published Oct 24, 2018, 8:42 PM IST
Highlights

മുളക് പൊടി മുഖത്തേക്ക് എറിഞ്ഞെങ്കിലും സുധര്‍മ്മ  പുറകിലേക്ക് മാറിയതിനാല്‍ വസ്ത്രത്തില്‍ മാത്രമാണ് വീണത്

ഹരിപ്പാട്: ബൈക്കിലെത്തിയ ഹെല്‍മെറ്റ് ധാരി വീട്ടമ്മക്ക് നേരെ മുളക് പൊടി വിതറി മാല മോഷ്ടിക്കാന്‍ ശ്രമിച്ചു. ചിങ്ങോലി ആയിക്കാട് അശ്വതി ഭവനത്തില്‍ സുധര്‍മ്മ(44) ക്ക് നേരെ ആണ് അക്രമം നടന്നത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 12 മണിയോടെ ആയിരുന്നു സംഭവം.

സുധര്‍മ്മ മാത്രമാണ് ഈ സമയം വീട്ടില്‍ ഉണ്ടായിരുന്നത്. ഭര്‍ത്താവ് അശോകന്‍ വിദേശത്ത് ആണ്. മകന്‍ ആ സമയം പുറത്ത് പോയിരിക്കുകയുമായിരുന്നു. സുധര്‍മ്മ വീടിനു വടക്കുവശം അടുക്കളയോട് ചേര്‍ന്നുള്ള ചായ്പ്പില്‍ ഇരിക്കുന്ന സമയത്താണ് ഹെല്‍മെറ്റ് ധരിച്ച അക്രമി അവിടേക്ക് എത്തിയത്.

മുളക് പൊടി മുഖത്തേക്ക് എറിഞ്ഞെങ്കിലും സുധര്‍മ്മ  പുറകിലേക്ക് മാറിയതിനാല്‍ വസ്ത്രത്തില്‍ മാത്രമാണ് വീണത്. പിന്നീട് ഇയാള്‍ ഇവരെ കഴുത്തിന് കുത്തിപിടിക്കുകയും അടിക്കുകയും ചെയ്തു. പെട്ടെന്ന് സുധര്‍മ്മ ഇയാളെ തള്ളി മാറ്റി പുറത്തേക്ക് ഓടി രക്ഷപെട്ടു.

തിരികെ നോക്കിയപ്പോള്‍ ഇയാള്‍ അരയില്‍ നിന്നും കത്തി എടുക്കുന്നതായി കണ്ടു. ഇതിനകം ബഹളം കേട്ട് സമീപവാസികള്‍ ഓടിയെത്തി. എന്നാല്‍, അക്രമി അവിടെ നിന്ന് കടന്നു കളഞ്ഞു. വിവരം അറിയിച്ചതിനെ തുടര്‍ന്ന് കരീലകുളങ്ങര പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. 

click me!