കടകളില്‍ നിന്നും പണം തട്ടുന്ന സംഘം ഗ്രാമീണ മേഖലയില്‍ സജീവം; ജാഗ്രതെ

By Web TeamFirst Published Sep 29, 2019, 8:42 PM IST
Highlights

വഴിയോര ലോട്ടറി കച്ചവടക്കാരിയില്‍ നിന്നും പണം തട്ടി

മുന്നൂറ് രൂപയുടെ ലോട്ടറിയും, രണ്ടായിരം രൂപയും തട്ടിയെടുത്തു

തിരുവനന്തപുരം: സ്ത്രീകളിൽ നിന്നും പണം തട്ടുന്ന സംഘം ഗ്രാമീണ മേഖലയിൽ സജീവം. കാട്ടാക്കടയിൽ കഴിഞ്ഞ ദിവസം ചെറുകിട സ്ഥാപനങ്ങളും, വഴി കച്ചവടക്കാരും ഇവരുടെ ഇരകളായി. ലോട്ടറി വില്പനക്കാരി ഉൾപ്പടെ വിവിധ ചെറുകിട സ്ഥാപനങ്ങളിൽ കയറി ഇവർ സ്ത്രീകളെ കബളിപ്പിച്ചു പണവുമായി മുങ്ങി.

ബൈക്കിൽ എത്തുന്ന സംഘം കടകൾ ലക്ഷ്യമിടുകയും ഇതിനു അൻപതു മീറ്റർ അകലെ വാഹനം പാർക്ക് ചെയ്ത ശേഷം ഇവരിൽ ഒരാൾ കടയിൽ എത്തുകയും സാധനങ്ങൾ ആവശ്യപ്പെടുകയും ചെയ്യും. ഒപ്പം രണ്ടായിരം രൂപയുടെ ചില്ലറയും ആവശ്യപ്പെടും. ഉപഭോക്താവ് എന്ന നിലയിൽ സ്ത്രീകൾ ഇവർക്ക് സാധനങ്ങളും ചില്ലറയും നൽകും. ഇതു വാങ്ങിയ ശേഷം വണ്ടിയിൽ വയ്ക്കാൻ എന്ന വ്യാജേന തിരിഞ്ഞു പണവും, സാധനവുമായി  കടക്കും. ഇത്തരത്തിൽ വഴിയോര ലോട്ടറി കച്ചവടക്കാരിയെ സമീപിച്ച സംഘം മുന്നൂറ് രൂപയുടെ ലോട്ടറിയും, രണ്ടായിരം രൂപയും ഇവരിൽ നിന്നും തട്ടിയെടുത്തു കടന്നു.

കാട്ടാക്കടയിലെ തന്നെ മറ്റൊരു കടയിൽ കയറി  സാധനം വാങ്ങിയ ശേഷം വാഹനത്തിൽ പെട്രോൾ തീർന്നു എന്നും, ഒരു കുപ്പിയും, 200 രൂപയും തരാമോ പെട്രോൾ വാങ്ങി വരാം എന്ന് പറഞ്ഞ്, സാധനങ്ങളും, തുകയും, കുപ്പിയും വാങ്ങി മുങ്ങിയ സംഭവവും  കഴിഞ്ഞ  ദിവസം ഉണ്ടായി. അതേ സമയം ഇരയാകുന്നവർ നാണക്കേട് കാരണം പുറത്തു പറയാൻ മടിക്കുന്നു എങ്കിലും വിഷയം സംബന്ധിച്ചു പൊലീസ് സ്റ്റേഷനിൽ ചിലർ പരാതിയുമായി എത്തിയിട്ടുണ്ട്. എന്നാൽ തട്ടിപ്പു വീരന്മാരെ കുറിച്ചു ഇതുവരെ യാതൊരു വിവരവും ഇല്ല.

മാസങ്ങൾക്ക് മുൻപ് ഇത്തരത്തിൽ തട്ടിപ്പുമായി ഇറങ്ങിയ സംഘം കാട്ടാക്കടയിൽ പത്തോളം സ്ഥാപനത്തിൽ നിന്നും പണം കവർന്നിരുന്നു. ഒരിടക്കാലത്തിന് ശേഷം ഇക്കഴിഞ്ഞ ദിവസങ്ങളിൽ കാട്ടാക്കട പൊലീസ് സ്റ്റേഷൻ പരിധിയിൽ 20 ഓളം കടകളിൽ മോഷണവും, മോഷണ ശ്രമവും നടന്നതിന് പിന്നാലെയാണ് ഇപ്പോൾ പണം തട്ടലുമായി  മറ്റൊരു സംഘം സ്ത്രീകൾ മാത്രമുള്ള കടകളും, വഴിയോരങ്ങളിൽ കച്ചവടം നടത്തുന്ന സ്ത്രീകളെയും മാത്രം ലക്ഷ്യം വച്ചു സജീവമായിരിക്കുന്നത്. അപരിചിതരിൽ നിന്നും പണം വാങ്ങിയ ശേഷം സാധനങ്ങൾ നൽകുകയും, ചില്ലറ ആവശ്യപ്പെടുന്നവരോട് മുൻകൂർ പണം നൽകാതിരിക്കുകയുമാണ്‌ തട്ടിപ്പിനിരയാകാതിരിക്കാനുള്ള മുൻകരുതൽ.

click me!