
കൊല്ലം: കടയ്ക്കലില്‍ ബിജെപി പ്രവര്‍ത്തകന്‍ എ രവീന്ദ്രനാഥ് കൊല്ലപ്പെട്ട കേസില്‍ ഏഴ് സിപിഎം പ്രവര്‍ത്തകര്‍ അറസ്റ്റില്‍. സിപിഎം ബ്രാഞ്ച് സെക്രട്ടറി അടക്കമുള്ളവരെയാണ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. കേസിൽ രണ്ടു പേര്‍ കൂടി പിടിയിലാകാനുണ്ടെന്ന് പൊലീസ് അറിയിച്ചു.
സിപിഎം കാഞ്ഞിരത്തുംമൂട് ബ്രാഞ്ച് സെക്രട്ടറി രാജീവ് ഡിവൈഎഫ്ഐ പ്രവര്‍ത്തകരായ റാഫി, ഷംനാദ്, അജിന്‍, വിനായക്, അനസ്, വിഷ്ണു എന്നിവരെ ക്രൈംബ്രാഞ്ച് ഓഫിസിലേക്ക് വിളിച്ചു വരുത്തിയാണ് അറസ്റ്റ് ചെയ്തത്. കേസിൽ അറസ്റ്റിലായ പ്രായപൂര്‍ത്തിയാകാത്ത മറ്റൊരു പ്രതി കോടതിയില്‍ നിന്ന് മുന്‍കൂര്‍ ജാമ്യം നേടിയിരുന്നു.
2017 ഫെബ്രുവരിയിലാണ് ബിജെപി കടയ്ക്കല്‍ പഞ്ചായത്ത് സമിതി പ്രസിഡന്റും റിട്ടയേർഡ് എസ്ഐയുമായ എ രവീന്ദ്രനാഥ് കൊല്ലപ്പെട്ടത്. ബിജെപി-സിപിഎം പ്രവര്‍ത്തകര്‍ തമ്മിലുള്ള സംഘര്‍ഷത്തിനിടെ രവീന്ദ്രനാഥിന്റെ തലയ്ക്ക് അടിയേല്‍ക്കുകയായിരുന്നു. കേസില്‍ നേരത്തെ എട്ടു പേരെ പൊലീസ് അറസ്റ്റു ചെയ്തിരുന്നു. പിന്നീട് അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തെങ്കിലും മറ്റു പ്രതികളെ പിടികൂടാനായില്ല.
അന്വേഷണം തൃപ്തികരമല്ലെന്നും കേസ് സിബിഐയ്ക്കു വിടണമെന്നും ആവശ്യപ്പെട്ട് ബിജെപി പ്രവര്‍ത്തകര്‍ കഴിഞ്ഞ ദിവസം ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ക്രൈംബ്രാഞ്ച് നടപടികൾ വേഗത്തിലാക്കിയത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam