
കൊച്ചി: മൂവാറ്റുപുഴ നഗരത്തിലെ വീട്ടിൽ പട്ടാപ്പകൽ വൻ കവർച്ച. വീട്ടമ്മയെ ശുചിമുറിയിൽ പൂട്ടിയിട്ട ശേഷമാണ് കവർച്ച നടത്തിയത്. സ്വർണാഭരണങ്ങളും പണവും കവർന്ന പ്രതി രക്ഷപ്പെട്ടു. മൂവാറ്റുപുഴ കിഴക്കേക്കര കളരിക്കൽ മോഹനൻറെ വീട്ടിലാണ് മോഷണം നടന്നത്.
ഇന്ന് രാവിലെ 11 മണിയോടെയാണ് സംഭവം. മോഹനന്റെ അകന്ന ബന്ധുവായ പത്മിനി മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. വീട് വൃത്തിയാക്കി കൊണ്ടിരുന്ന പത്മിനിയെ മുഖം മൂടി ധരിച്ചെത്തിയ ആൾ പുറകിൽ നിന്നും കടന്നു പിടിച്ചു. പിന്നീട് വായിൽ ടവ്വൽ തിരുകി. തുടർന്ന് ശുചിമുറിയിൽ അടയ്ക്കുകയായിരുന്നുവെന്നാണ് പത്മിനി പറയുന്നത്. അതിനു ശേഷം മുറികളിൽ ഉണ്ടായിരുന്ന അലമാരകൾ കുത്തിതുറന്ന് തുണികൾ പുറത്തെടുത്ത് പരിശോധന നടത്തി.
അലമാരിയിൽ സൂക്ഷിച്ചിരുന്ന 20 പവനോളം സ്വർണവും, 20,000 രൂപയും നഷ്ടപ്പെട്ടിട്ടുണ്ട്. മോഹനൻറെ മരിച്ചുപോയ ഭാര്യയുടെയും, മക്കളുടെയും, ചെറുമക്കളുടെയും സ്വർണാഭരണങ്ങളാണ് അലമാരയിൽ ഉണ്ടായിരുന്നത്. ആൾ താമസം ഏറെയുള്ള സ്ഥലത്താണ് മോഷണം നടന്നത്. മോഷ്ടാവ് പോയതിനു ശേഷം പത്മിനി വാതിൽ തുറന്നു പുറത്തെത്തിയാണ് അയൽക്കാരെ വിവരം അറിയിച്ചത്. മൂവാറ്റുപുഴ ഡി വൈ എസ് പി മുഹമ്മദ് റിയാസിൻറെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി. കള്ളന് വേണ്ടി അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. പോലീസ് നായയും വിരലടയാള വിദഗ്ധരുമെത്തി തെളിവുകൾ ശേഖരിച്ചിട്ടുണ്ട്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam