
തിരുവനന്തപുരം: വെട്ടുകാട് കോൺവെന്റിൽ ജീവനക്കാരിയെ കത്തി കാട്ടി ഭീഷണിപ്പെടുത്തി കവർച്ച നടത്തിയ കേസിൽ മുമ്പ് പോലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടുപോയ പ്രതിയുൾപ്പടെ രണ്ട് പേർ പിടിയിൽ. ബാലനഗർ കോളനിയിൽ താമസിക്കുന്ന അനൂപ് ആന്റണി, കണ്ണാന്തുറ സ്വദേശി ബോംബ് ജിതിൻ എന്ന് വിളിക്കുന്ന ജിതിൻ എന്നിവരാണ് വലിയതുറ പൊലീസിന്റെ പിടിയിലായത്.
ഇക്കഴിഞ്ഞ 28 ന് അർദ്ധരാത്രിയാണ് സംഭവം. കോൺവെന്റിന്റെ ഗ്രിൽ പൊളിച്ച് അകത്തുകയറിയ പ്രതികൾ വിലപിടിപ്പുള്ള വസ്തുക്കൾക്കായി മുറികളിൽ തിരച്ചിൽ നടത്തി. ശബ്ദം കേട്ട് ഉണർന്ന ജീവനക്കാരിയെയും കുഞ്ഞിനെയും കത്തി കാട്ടി ഭീഷണിപ്പെടിത്തിയ ശേഷം അന്തേവാസികളുടെ ചിലവിനായി കരുതിയിരുന്ന 25,000 രൂപയും വിലപിടിപ്പുള്ള വാച്ചും, ജീവനക്കാരിയുടെ കഴുത്തിൽ കിടന്ന മാലയും കവർന്ന് പ്രതികൾ രക്ഷപ്പെടുകയായിരുന്നു.
സംഭവത്തിന് ശേഷം പാറശ്ശാല ഭാഗത്ത് ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ ശംഖുമുഖം അസിസ്റ്റന്റ് കമീഷണർ ഇളങ്കോ ഐ പി എസിന്റെ നേതൃത്വത്തിൽ വലിയതുറ എസ്ഐ ബിജോയ് അടങ്ങുന്ന സംഘം പിടികൂടുകയായിരുന്നു. പിടിയിലായ ഇരുവരും ജില്ലയിൽ വിവിധ സ്റ്റേഷനുകളിൽ കേസ് ഉള്ളവരാണ്. ഇതിൽ അനൂപ്പ് മുമ്പ് പോലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടു പോയ ആളാണ്. കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam