
തൃശൂർ : തൃശൂർ എറവ് ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിലും സമീപത്തുള്ള സർക്കാർ വെറ്ററിനറി ഹോസ്പിറ്റലിലും മോഷണം. ക്ഷേത്രത്തിലെ വഴിപാട് കൗണ്ടർ കുത്തിപ്പൊളിച്ച് മോഷ്ടാവ് 25,000 രൂപ കവർന്നു. സമീപത്തുള്ള വെറ്ററിനറി ആശുപത്രിയിൽ നിന്നും മോഷ്ടാവ് പണം കവർന്നു. ക്ഷേത്രത്തിലെ സിസിടിവി ക്യാമറയിൽ നിന്ന് മോഷ്ടാവിന്റെ ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. പുലർച്ചെ ക്ഷേത്രം തുറക്കാനെത്തിയ ജീവനക്കാരനാണ് വഴിപാട് കൗണ്ടർ ഇരിക്കുന്ന സ്റ്റോർ റൂമിന്‍റെ മുൻ വാതിലിന്‍റെ പൂട്ട് പൊളിച്ചത് ആദ്യം കണ്ടത്.
സ്റ്റോർ റൂമിലെ അലമാര കുത്തിത്തുറന്ന നിലയിലായിരുന്നു. വഴിപാട് കൗണ്ടറിന്‍റെ മുറിയുടെ പൂട്ടും തകർത്തിരുന്നു. പണം സൂക്ഷിക്കുന്ന മേശവലിപ്പ് കുത്തി തുറന്ന് അതിൽ സൂക്ഷിച്ചിരുന്ന കാൽ ലക്ഷം രൂപയാണ് മോഷ്ടാവ് കവർന്നത്. ഇതിനു സമീപം ചുമരിൽ തൂക്കിയിട്ടിരുന്ന കവറിൽ ഉണ്ടായിരുന്ന 13,000 രൂപ മോഷ്ടാവിന്‍റെറെ ശ്രദ്ധയിൽ പെട്ടില്ല. ക്ഷേത്രക്കുളത്തിനോട് ചേർന്നുള്ള ദേവീ ക്ഷേത്രത്തിന് മുൻപിലെ ഭണ്ഡാരത്തിന്‍റെ പൂട്ടും പൊളിച്ചിട്ടുണ്ട്. ക്ഷേത്രത്തിൽ നിന്നിറങ്ങിയ ശേഷമാകാം മോഷ്ടാവ് തൊട്ടടുത്തുള്ള സർക്കാർ മൃഗാശുപത്രിയിൽ കയറിയതെന്ന് കരുതുന്നു.
ആശുപത്രിയുടെ മുൻവാതിലിന്‍റെ പൂട്ട് പൊളിച്ച് അകത്തു കടന്ന മോഷ്ടാവ് ഒരു അലമാര കുത്തി തുറന്നു. മേശപ്പുറത്ത് ചെപ്പിൽ സൂക്ഷിച്ചിരുന്ന 1000 രൂപയാണ് ഇവിടെ നിന്ന് നഷ്ടപ്പെട്ടിട്ടുള്ളത്. ഇരിങ്ങാലക്കുട ഡി.വൈ.എസ്പി. കെ. ജി. സുരേഷിൻ്റെ നേതൃത്വത്തിൽ പൊലീസ് സംഘം ക്ഷേത്രത്തിലും മൃഗാശുപത്രിയിലും എത്തി പരിശോധന നടത്തി. അന്തിക്കാട് സ്റ്റേഷൻ പരിധിയിൽ രണ്ടു മാസത്തിനിടെ മണലൂരിലും പുള്ളിലുമായി മാത്രം നടന്നത് നാല് മോഷണങ്ങൾ. സ്റ്റേഷൻ പരിധിയിലെ മറ്റു ക്ഷേത്രങ്ങളിൽ നടന്ന മോഷണങ്ങൾ വേറെയും വരും. നാല് മാസം മുൻപ് അരിമ്പൂർ പരദേവത ക്ഷേത്രത്തിലെ സ്റ്റോർ റൂമിൽ നിന്ന് 5 പവൻ സർണ്ണവും ഇരുപതിനായിരം രൂപയും മോഷണം പോയിരുന്നു.
വീഡിയോ സ്റ്റോറി കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam