'വാ‍ർധക്യം' പ്രമേയം; തൃശ്ശൂരിൽ കുട്ടികളുടെ ചിത്ര പ്രദർശനം ശ്രദ്ധേയമാകുന്നു

By Web TeamFirst Published Jul 21, 2019, 11:16 PM IST
Highlights

പ്രദർശനത്തിനെത്തുന്ന തൃശ്ശൂരുകാർക്ക് ചിത്രങ്ങളിൽ കാണുന്ന ആളുകളെ മുമ്പ് കണ്ട പരിചയമുണ്ടാകും. കാരണം ജില്ലയിലെ വിവിധ ഭാ​ഗങ്ങളിൽ നിന്നുള്ള മനുഷ്യരുടെ ചിത്രങ്ങളാണ് കുട്ടികൾ ക്യാൻവാസിൽ പകർത്തിയിരിക്കുന്നത്. 

തൃശ്ശൂർ: 'വാ‍ർധക്യം' പ്രമേയമാക്കി ഒരുക്കിയ കുട്ടികളുടെ ചിത്ര പ്രദർശനം ശ്രദ്ധേയമാകുന്നു. തൃശ്ശൂർ സർഗകലാ വിദ്യാലയത്തിലെ 33 കുട്ടികള്‍ വരച്ച ചിത്രങ്ങളാണ് ലളിതകലാ അക്കാദമിയിൽ പ്രദര്‍ശനത്തിന് വച്ചിരിക്കുന്നത്.

പ്രദർശനത്തിനെത്തുന്ന തൃശ്ശൂരുകാർക്ക് ചിത്രങ്ങളിൽ കാണുന്ന ആളുകളെ മുമ്പ് കണ്ട പരിചയമുണ്ടാകും. കാരണം ജില്ലയിലെ വിവിധ ഭാ​ഗങ്ങളിൽ നിന്നുള്ള മനുഷ്യരുടെ ചിത്രങ്ങളാണ് കുട്ടികൾ ക്യാൻവാസിൽ പകർത്തിയിരിക്കുന്നത്. കുട്ടികളുടെ ചിത്രങ്ങളൊന്നും വെറും വരകളല്ലെന്നും ജീവനയോടെയുള്ള മനുഷ്യരാണെന്നും ചിത്രകാരന്‍ ബിജു വാടാനപ്പളളി പറഞ്ഞു.

എല്ലാവരുടെയും മുഖത്ത് ഒരേ ഭാവമാണുള്ളത്. വാ‍ർധക്യത്തിന്‍റെ ദൈന്യത. ചാവക്കാടുള്ള ഒരു മുത്തശ്ശി ചിത്രം വരയ്ക്കാൻ തയ്യാറായി നിന്നത് ചായ കുടിക്കാനൊരു പത്ത് രൂപ തരണമെന്ന ആവശ്യത്തോടെയായിരുന്നുവെന്ന് കലാകാരൻ അതുല്‍ ടി എം പറഞ്ഞു. ഇതുപോലെ ഓരോ ചിത്രത്തിന് പിന്നിലും ഓരോ കഥകളുണ്ടെന്നും അതുല്‍ കൂട്ടിച്ചേർത്തു. ഇരട്ടകളായ അമലുവും അരുണിമയും ഒരുമിച്ചാണ് ചിത്രം വരച്ച് തീർത്തത്. ചിത്രങ്ങള്‍ പിറവിയെടുത്ത തൃശ്ശൂർ ന​ഗരത്തിൽ പ്രദര്‍ശനം നടത്താനാണ് ഈ കരുന്നു പ്രതിഭകളുടെ തീരുമാനം. 

click me!